ബീജീങ്: ചെവിയില്‍ എന്തൊക്കെയോ അസ്വസ്ഥത.. തുടര്‍ച്ചയായി ശബ്ദങ്ങള്‍, ഇതെല്ലാം അസഹ്യമായപ്പോഴാണ് ആ യുവതി ഡോക്ടറെ സമീപിച്ചത്. ചെവി പരിശോധിച്ച ഡോക്ടര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

ചെവിയില്‍ ഒരു അതിഥി താമസം ഉറപ്പിച്ചിരിക്കുന്നു. ആരാണെന്നല്ലേ. ഒരു എട്ടുകാലി. വെറുതെ അവിടെ താമസിക്കുകയല്ല കക്ഷി ചെയ്തത്. വലയും ഒക്കെ കെട്ടി സുഖവാസം തന്നെ ആയിരുന്നു.

ചൈനക്കാരിയായ യി എന്ന സ്ത്രീയുടെ ചെവിക്കുള്ളിലാണ് എട്ടുകാലി സുഖവാസം തുടങ്ങിയത്. ഒരു ദിവസം വൈകിട്ട് പുറത്ത് പോയപ്പോഴാണ് ആദ്യമായി ഇത്തരം അപശബ്ദങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. ചെവിയില്‍ എന്തെങ്കിലും അണുബാധയുണ്ടായതാകാമെന്നാണ് ആദ്യം കരുതിയത്. ഒരു രാത്രി മുഴവന്‍ ഇവന്‍ ചെവിക്കുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്.

ഇലക്ട്രിക് ഓട്ടോസ്‌കോപ് ഉപയോഗിച്ചാണ് ഇതിനെ പുറത്തെടുത്തത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് ഈ സംഭവം.

2019ലും സമാനമായ സംഭവം ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ഒരു യുവാവിന്റെ ചെവിയിലാണ് എട്ടുകാലി വലയും നെയ്ത് സുഖമായി കഴിഞ്ഞത്. ഏറെ ദീവസം ഇത് അവിടെ സുഖമായി കഴിഞ്ഞു. വേദനയും മുരള്‍ച്ചയും മറ്റും സഹിക്കാന്‍ കഴിയാതെ ആയതോടെയാണ് ഇയാള്‍ വൈദ്യസഹായം തേടിയത്. ഭാഗ്യത്തിന് ഇയാള്‍ക്ക് കുഴപ്പം ഒന്നും സംഭവിച്ചില്ല. എട്ടുകാലിയെ സുരക്ഷിതമായി നീക്കം ചെയ്തു.