ലണ്ടൻ: പ്രണയത്തിന്റെ പേരിൽ നടക്കുന്ന ചൂഷണങ്ങളുടെയും തട്ടിപ്പുകളുടെയും വാർത്തകൾ നിറഞ്ഞ ലോകത്തിൽ ഇതാ വ്യത്യസ്തമായൊരു പ്രണയ വാർത്ത ഇന്ന് പുറത്ത് വന്നിരിക്കുന്നു. നിറകണ്ണുകളോടെ അല്ലാതെ ഈ വാർത്ത വായിക്കാനാകില്ല.

ബ്രിട്ടീഷുകാരായ ഗ്രെഗ് പീറ്റേഴ്സിന്‍റെയും കാമുകി അന്നയുടെയും പ്രണയകഥ ആരെയും വികാരാധീനരാക്കുന്നതാണ്. മരണത്തോട് മല്ലിടുന്ന തന്റെ കാമുകിയെ വിവാഹം കഴിക്കാന്‍ ഗ്രെഗ് പീറ്റേഴ്സ് തീരുമാനിക്കുമ്പോള്‍ ആ ബന്ധം വേഗത്തില്‍ അവസാനിക്കുന്ന ഒന്നാണെന്ന് അവന് അറിയാമായിരുന്നു.

ഗ്രെഗ് പീറ്റേഴ്സിന്റെയും കാമുകി അന ലെഡ്ഗാറിന്റെയും കഥ ഒരു സിനിമാക്കഥ പോലെയാണ്. ഏറെ കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. ജീവനേക്കാള്‍ ഇരുവരും പരസ്പരം പ്രണയിച്ചിരുന്നു. കുടുംബാംഗങ്ങള്‍ ഇരുവരുടെയും ബന്ധത്തെ ഏറെ പിന്തുണച്ചിരുന്നു. എന്നിരുന്നാലും, അത് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കാനുള്ള വിധി ഇരുവര്‍ക്കും ഉണ്ടായില്ല. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വിവാഹത്തിന് തൊട്ടുമുമ്പ്, അന്ന വലിയൊരു അപകടത്തില്‍പ്പെട്ടു. അത്യാസന്ന നിലയില്‍ ആശുപത്രിയിലെ ഐസിയുവില്‍ കിടക്കുമ്പോള്‍ ഇനിയൊരു മടങ്ങി വരവ് ഉണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ ഗ്രെഗ് പീറ്റേഴ്സിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവളുടെ കാമുകന്‍ ചെയ്തത് ധീരോദാത്തമായ ഒരു കാര്യമായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് ഐസിയുവില്‍വെച്ച്‌ തന്നെ ഗ്രെഗ് അന്നയെ മിന്നുകെട്ടി.

ജിം മാനേജര്‍ ഗ്രെഗ് പീറ്റേഴ്സ്, ഒന്നര വര്‍ഷം മുമ്പാണ് അന്ന ലാഡ്ഗറിനെ കണ്ടുമുട്ടിയത്. അവര്‍ രണ്ടുപേരും പരസ്പരം വളരെയധികം സ്നേഹിച്ചിരുന്നു. ഇരുവരുടെയും വിവാഹവും തീരുമാനിച്ചു. അതിനിടയില്‍ ഒരു ദിവസം ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ അന ലാഡ്ഗറിന്റെ കാര്‍ ഒരു വന്‍ അപകടത്തില്‍ പെട്ടു. ഇതില്‍ അന്നയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് സാരമായി പരിക്കേറ്റ അവള്‍ കോമയില്‍ ആയി.

ഭാര്യയായി മനസില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്ന ഗ്രെഗ് പീറ്റേഴ്സിന് താങ്ങാനാകാത്തതായിരുന്നു അന്നയുടെ അപകടം. അതിനാല്‍ ഈ പേര് എല്ലായ്പ്പോഴും തന്‍റെയൊപ്പം ഉണ്ടായിരിക്കണമെന്ന് അവന്‍ ആഗ്രഹിച്ചു. അങ്ങനെ ഡോക്ടര്‍മാരുടെയും ബന്ധുക്കളുടെയും അനുമതിയോടെ ഐസിയു കിടക്കയില്‍വെച്ച്‌ ഗ്രെഗ് തന്റെ കാമുകിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ അവള്‍ മരിക്കുകയും ചെയ്തു.

എന്നാല്‍ അവിടംകൊണ്ട് അവസാനിച്ചില്ല, അവരുടെ പ്രണയത്തിന്‍റെ മഹത്വം. അന്നയുടെ കുടുംബത്തിന്റെയും ഗ്രെഗിന്റെയും സമ്മതത്തോടെ അന്നയുടെ ആറു അവയവങ്ങള്‍ ദാനം ചെയ്തു. ‘ഇത് ഒരു നിയമപരമായ വിവാഹമായി കണക്കാക്കാനാകില്ലെന്ന് ഗ്രെഗ് പറയുന്നു, പക്ഷേ ഞാന്‍ എന്റെ സ്വന്തം മോതിരം അവളുടെ വിരലില്‍ ഇട്ടു, അവളെ ഞാന്‍ എന്‍റെ ഭാര്യയായി കണക്കാക്കുന്നു’- ഗ്രെഗ് പീറ്റേഴ്സ് പറഞ്ഞു. ഏതായാലും ഇവരുടെ പ്രണയഗാഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗ്രെഗിന അഭിനന്ദിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.