ന്യൂയോര്‍ക്ക്: ലോകത്തിലെ ആദ്യത്തെ ട്രില്യണയര്‍ (ലക്ഷം കോടിപതി) എന്ന ചരിത്ര നേട്ടത്തിനരികെ സ്‌പേസ് എക്‌സ്, ടെസ്‌ല കമ്പനികളുടെ മേധാവിയായ എലോണ്‍ മസ്‌ക്. സ്‌പേസ് എക്സിനുണ്ടായ കുതിപ്പാണ് എലോണ്‍ മസ്‌കിനെ നേട്ടത്തിലേക്ക് നയിക്കുന്നത്. ബഹിരാകാശ യാത്ര, അതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ഭൂമിയുടെ പര്യവേഷണം തുടങ്ങിയ ബിസിനസുകളുടെ ശേഖരമാണ് സ്‌പേസ് എക്‌സ്.

നാസയുമായുള്ള കരാറുകളും മനുഷ്യരെ ചൊവ്വയിലേക്ക് അയക്കാനുള്ള കമ്പനിയുടെ പദ്ധതികളും ലാഭം ഇനിയും കുതിച്ചുയരാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൈദ്യുത വാഹന കമ്പനിയായ ടെസ്‌ലയില്‍ നിന്നുള്ള സമ്പത്തും മസ്‌കിനെ സഹായിച്ചിട്ടുണ്ട്.

ജനുവരിയില്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ പദവി മസ്ക് മറികടന്നിരുന്നു. എന്നാല്‍ വളരെ വേഗം അത് അദ്ദേഹം തിരിച്ചുപിടിച്ചു. കഴിഞ്ഞ ദിവസം പുറത്തുവന്ന മോര്‍ഗന്‍ സ്റ്റാന്‍ലി അനാലിസിസ് റിപ്പോർട്ട് പ്രകാരം സ്വകാര്യ സമ്പത്തിന്റെ കാര്യത്തില്‍ മസ്‌കാണ് ലോകത്തിലെ ഒന്നാമന്‍.