ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കോവിഡ് മഹാമാരി അപഹരിച്ചത് ഒരു ലക്ഷത്തി എണ്‍പതിനായിരം ആരോഗ്യപ്രവര്‍ത്തകരുടെ ജീവനെന്ന് ലോകാരോഗ്യ സംഘടന. 2020 ജനുവരി മുതല്‍ 2021 മെയ് വരെയുള്ള കണക്കുകളാണിത്. ലോകമെമ്പാടുമുള്ള 13.5 കോടി ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നാണ് രണ്ട് ലക്ഷത്തോളം പേര്‍ക്ക്ജീവഹാനി സംഭവിച്ചിരിക്കുന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡോ.ടെഡ്രോസ് അധാനം ഘിബ്രയെസസ് പറഞ്ഞു. 119 രാജ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഞ്തില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവികസിത രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരാണ് വാക്‌സിന്‍ ലഭിക്കാത്തതില്‍ ഏറെയുന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പത്തില്‍ ഒരാള്‍ പോലും പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. അതേസമയം വികസിത രാജ്യങ്ങളിലെ എണ്‍പത് ശതമാനം ആരോഗ്യപ്രവര്‍ത്തരും പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവരാണ്.

2022 അവസാനം വരെ ലോകത്തിന് കോവിഡ് മഹാമാരിയില്‍ നിന്ന് പൂര്‍ണമായും മോചനം നേടുക അസാധ്യമാണ്. കാരണം ദരിദ്രരാഷ്ട്രങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നില്ല എന്നത് തന്നെയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ കേവലം അഞ്ച് ശതമാനം ജനങ്ങള്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. ഇക്കൊല്ലം അവസാനത്തോടെ എല്ലാ രാജ്യങ്ങളും അവരുടെ ജനസംഖ്യയുടെ നാല്‍പ്പത് ശതമാനത്തിനെങ്കിലും വാക്‌സിന്‍ ലഭ്യമാക്കണം. എന്നാല്‍ 82 രാജ്യങ്ങള്‍ക്ക ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കില്ല. കാരണം വാക്‌സിന്റെ ലഭ്യതക്കുറവാണ്.

ആഗോളതലത്തില്‍ 24.24 കോടി ജനതയെ കൊറോണ ബാധിച്ചു. 49.29 ലക്ഷംജനങ്ങളുടെ ജീവനും അപഹരിച്ചു. ലോകമെമ്പാടുമായി ഇതുവരെ 673 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു കഴിഞ്ഞുവെന്നും ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.