കാബൂള്‍: വേതനം നല്‍കണമെന്ന ആവശ്യവുമായി രാജ്യത്ത് നൂറ് കണക്കിന് അധ്യാപകര്‍രംഗത്ത്. കഴിഞ്ഞ നാലുമാസമായി തങ്ങള്‍ക്ക് വേതനം കിട്ടുന്നില്ലെന്നും അവര്‍ താലിബാന്‍ ഭരണകൂടത്തോട് പറഞ്ഞു. പശ്ചിമ പ്രവിശ്യയായ ഹീരാത്തിലാണ് ഈ ആവശ്യവുമായി അധ്യാപകര്‍ തെരുവിലിറങ്ങിയത്.

തങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അധ്യാപകര്‍ താലിബാന്‍ ഭരണകൂടത്തോട് ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ നീക്കി വയ്ക്കാനാവശ്യമായ വേതനം ലഭിക്കുന്നില്ല. നിത്യചെലവുകള്‍ക്കുള്ള പണം മാത്രമാണ് ലഭിക്കുന്നത്. തങ്ങളുടെ കുടുംബം പട്ടിണിയിലാണെന്നും പ്രതിഷേധത്തിനിറങ്ങിയ അധ്യാപകര്‍ വ്യക്തമാക്കി. കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ മരുന്നും ഭക്ഷണവും നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കുന്നില്ല. കറണ്ട് ബില്ലടയ്ക്കാന്‍ കഴിയാത്തതിനാല്‍ ചില അധ്യാപകരുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കഴിഞ്ഞു.

ഒരുമാസമായി തന്റെ മകള്‍ക്ക് സുഖമില്ലെന്നും എന്നാല്‍ ഡോക്ടറെ കാണിക്കാന്‍ പണില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോയിട്ടില്ലെന്നും സമരത്തില്‍ പങ്കെടുത്ത സദത്ത് അത്തിഫ് എന്ന അധ്യാപകന്‍ പറഞ്ഞു. 18,000ത്തോളം അധ്യാപകര്‍ക്കാണ് കഴിഞ്ഞ നാല് മാസമായി ശമ്പളം കിട്ടാത്തത്. ഇതില്‍ പതിനായിരം പേര്‍ സ്്ത്രീകളാണ്.

മറ്റ് ജീവനക്കാര്‍ക്കും ശമ്പളം കിട്ടുന്നില്ല. വരും ദിവസങ്ങളില്‍ ഒരു മാസത്തെ വേതനം അധ്യാപകര്‍ക്ക് നല്‍കുമെന്ന് പ്രവിശ്യ വിദ്യാഭ്യാസ മേധാവി ഷഹാഹുദ്ദീന്‍ സാഖിബ് പറഞ്ഞു. വിവിധ വെല്ലുവിളികളെ തുടര്‍ന്ന് നിരവധി അധ്യാപകര്‍ ഇതിനകം രാജ്യം വിട്ടു പോയി. നിരവധി ഡോക്ടര്‍മാരും രാജ്യം വിട്ടിട്ടുണ്ട്. തങ്ങളുടെ സമീപത്തുള്ള ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

താലിബാന്‍ അധികാരം ഏറ്റെടുത്ത ശേഷം രാജ്യത്തെ ബാങ്കുകള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് പണമിടപാടുകള്‍ നടത്താനാകുന്നില്ല. തൊഴിലുടമകള്‍ക്ക് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനും സാധിക്കുന്നില്ല. സ്വന്തം അക്കൗണ്ടില്‍ പണം ഉള്ളവര്‍ക്ക് പോലും അതുപയോഗിക്കാനാകാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. ഓഗസ്റ്റ് പതിനഞ്ചിന് താലിബാന്‍ അധികാരമേറ്റെടുത്തതോടെ രാജ്യം കടുത്ത അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ്.