മോസ്‌കോ: ഇന്‍ഫ്‌ളുവന്‍സ, കോവിഡ് വാക്‌സിനുകള്‍ ഒന്നിച്ച് ഉപയോഗിക്കാന്‍ റഷ്യയില്‍ അനുമതി നല്‍കി. റഷ്യന്‍ ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.ഗം-കോവിഡ് വാക് (സ്ഫുട്‌നിക്V) എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.

കോവിഡ് വ്യാപനം മൂലം ഏറെ ദുരിതം അനുഭവിക്കുന്ന രാജ്യമാണ് റഷ്യ. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമായി റഷ്യ മാറിക്കഴിഞ്ഞു. കോവിഡ് വാക്‌സിനും ഇന്‍ഫ്‌ളുവന്‍സയ്ക്കുമെതിരെയുള്ള വാക്‌സിനുകള്‍ ഒന്നിച്ച് ഉപയോഗിക്കുന്നതിലൂടെ ഇതിന്റെ ശക്തി കുറയുന്നില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. നിരവധി തവണ നടത്തിയ പരീക്ഷണങ്ങളിലൂടെ ഇത് തെളിഞ്ഞതാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ഒരേസമയം രണ്ട് വാക്‌സിന്‍ എടുക്കുമ്പോള്‍ അവ ശരീരത്തിന്റെ രണ്ട് ഭാഗങ്ങളിലായി ആകും എടുക്കുക എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വാക്‌സിന്‍ ഇടത് കൈയ്യിലെടുത്താന്‍ മറ്റേത് വലത് കയ്യിലാകും എടുക്കുക. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒന്‍പത് ലക്ഷത്തോട് അടുക്കുകയാണ്. 228,453 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 822,792 സജീവ കൊറോണ രോഗികളാണുള്ളത്. 7,117,060 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ ദിവസം രാജ്യത്ത് രോഗം മൂലം മരിച്ചവരുടെ എണ്ണം റെക്കോര്‍ഡിലെത്തി. 37,141 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്പില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ മൂലം മരിക്കുന്ന രാജ്യമായി റഷ്യ മാറിയിരിക്കുകയാണ്.

രാജ്യത്ത് ജനിതക മാറ്റം വന്ന പുതിയൊരു വൈറസ് കൂടി ഉണ്ടായിട്ടുണ്ട്. AY.4.2 എന്നാണ് പുതിയ വൈറസിന് പേര് നല്‍കിയിട്ടുള്ളത്. ഡെല്‍റ്റ വേരിയന്റിനെക്കാള്‍ കൂടുതലാണ് ഇതിന്റെ വ്യാപന ശേഷി എന്ന് വിദഗ്ദ്ധര്‍ പറയുന്നു. രാജ്യത്ത് കോവിഡ് ഉയര്‍ന്നതോടെ ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഈ മാസം മുപ്പത് മുതല്‍ അടുത്ത മാസം ഏഴ് വരെയാണ് വേതനത്തോട് കൂടിയുള്ള അവധി. പൊതുഗതാഗത സംവിധാനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ജനങ്ങളെ അകറ്റി നിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു പ്രഖ്യാപനം. ഈ ദിവസങ്ങളില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ തങ്ങളുടെ നിയന്ത്രണങ്ങളും കര്‍ശനമാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ ഒരാഴ്ചത്തെ അവധിക്ക് ഈ മാസം മുപ്പത് വരെ കാത്തിരിക്കേണ്ടതില്ലെന്നും ഇന്ന് മുതല്‍ തന്നെ അവധി തുടങ്ങാനും നവംബര്‍ ഏഴ് കഴിഞ്ഞും തുടരാനും പുട്ടിന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.