ദുബായ് : നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് കൗമാരക്കാരനെ ഭീഷണിപ്പെടുത്തിയ യുവാവിന് ഒരു വര്‍ഷത്തെ തടവ് വിധിച്ച്‌ കോടതി .കൂടുതല്‍ ചിത്രങ്ങള്‍ അയച്ചു തന്നില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നാണ് പ്രതി ഭീഷണി മുഴക്കിയത്.

ദുബായ് പ്രാഥമിക കോടതിയാണ് കേസ് പരിഗണിച്ചത്. 31കാരനായ പ്രതി 17 വയസ്സുള്ള കൗമാരക്കാരന് ടെലഗ്രാം വഴി മെസേജുകള്‍ അയയ്ക്കാറുണ്ടായിരുന്നു. ചിത്രങ്ങള്‍ അയയ്ക്കാനും ഇയാള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തന്നോട് ഇയാള്‍ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടെന്ന് കൗമാരക്കാരന്‍ വെളിപ്പെടുത്തി.

തുടര്‍ന്ന് തന്റെ സഹോദരനെ വിവരം അറിയിച്ച കുട്ടി ഹത്ത പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കൂടുതല്‍ ചിത്രങ്ങള്‍ അയച്ചില്ലെങ്കില്‍ തന്റെ കൈവശമുള്ള പഴയ ചിത്രങ്ങള്‍ ഇരുവരുടെയും മറ്റ് സുഹൃത്തുക്കള്‍ക്ക് കൈമാറുമെന്ന് പ്രതി 17കാരനെ ഭീഷണിപ്പെടുത്തി.

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് ഇരുവരും തമ്മിലുള്ള സംഭാഷണം പരിശോധിച്ചു. കൗമാരക്കാരനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഭീഷണിപ്പെടുത്തിയതിന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ കുറ്റം ചുമത്തി .