ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തലതിരിഞ്ഞ നയങ്ങളിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷം. വിദേശ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന സമ്മാനങ്ങൾ വിറ്റ് കിട്ടുന്ന പണം ഇമ്രാന്റെ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുമ്പോൾ അവിടത്തെ തലവൻമാരിൽ നിന്നും മറ്റും ലഭിക്കുന്ന സമ്മാനങ്ങൾ വിറ്റ് പണം സ്വന്തമാക്കുകയാണ് ഇമ്രാൻ ഖാൻ ചെയ്യുന്നതെന്ന് ഇവർ പറയുന്നു.

പത്ത് ലക്ഷം യുഎസ് ഡോളർ വിലയുള്ള വാച്ച്‌ ഉൾപ്പെടെയുള്ള വസ്തുക്കൾ ഇത്തരത്തിൽ ഇമ്രാൻ വിറ്റു കാശാക്കിയതായി പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. ‘പാകിസ്ഥാനിലെ നിയമപ്രകാരം ഇങ്ങനെ ലഭിക്കുന്ന സമ്മാനങ്ങൾ രാജ്യത്തിന്റെ സ്വത്താണ്. ഈ സമ്മാനങ്ങൾ പൊതുലേലത്തിലൂടെ വിറ്റ് പണം പൊതുഖജനാവിൽ ചേർക്കണം. എന്നാൽ ഇമ്രാന്റെ സ്വന്തം കീശയിലേക്കാണ് സമ്മാനങ്ങൾ വിറ്റ പണം പോകുന്നത് ‘ , പ്രതിപക്ഷം ആരോപിച്ചു.

ഇമ്രാൻ ഖാന് ഗൾഫ് രാജ്യത്തെ ഒരു രാജകുമാരൻ സമ്മാനിച്ച പത്ത് ലക്ഷം അമേരിക്കൻ ഡോളർ വിലയുള്ള വാച്ച്‌ വിറ്റതാണ് ഇപ്പോൾ പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്നത്. ദുബായിൽ വച്ചാണ് വാച്ച്‌ ഇമ്രാൻ വിറ്റത്. ദി എക്‌സ്പ്രസ് ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ തലവന്മാരിൽ നിന്ന് പ്രധാനമന്ത്രി സ്വീകരിച്ച സമ്മാനങ്ങൾ വിറ്റതിലൂടെ ഇമ്രാൻ പാകിസ്ഥാനെ അപകീർത്തിപ്പെടുത്തി എന്നും പാകിസ്ഥാൻ മുസ്ലീം ലീഗ് നേതാവ് റാണ സനാവുള്ള പ്രതികരിച്ചു. പിഎംഎൽഎൻ വൈസ് പ്രസിഡന്റ് മറിയം നവാസും ഇത് സംബന്ധിച്ച്‌ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പൊതു ലേലത്തിലൂടെയാണ് രാജ്യ തലവൻമാർക്ക് ലഭിക്കുന്ന സമ്മാനങ്ങൾ വിൽക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശൈലി ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ ഇമ്രാൻ ഖാന് ലഭിക്കുന്ന സമ്മാനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പോലും പുറത്ത് വിടുന്നില്ലെന്നും ആരോപണമുണ്ട്.