ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഇതുവരെ 71 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം നടത്തിയ 450 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

പൂജനടക്കുന്ന സ്ഥലങ്ങളിലും ഹിന്ദു ഭവനങ്ങളിലും ക്ഷേത്രങ്ങളിലും മറ്റുമായാണ് ഇത്രയും ആക്രമണങ്ങള്‍ അരങ്ങേറിയത്. 71 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ കമ്‌റുസ്മാന്‍ അറിയിച്ചു. ഇനിയും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസുകളുടെ എണ്ണവും കൂടുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള വ്യാജ പ്രചരണങ്ങള്‍ പൊലീസ് വീക്ഷിച്ച് വരികയാണ്. വസ്തുതകള്‍ പരിശോധിക്കാതെ സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങരുതെന്ന് പൊലീസ് ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രിയാണ് അക്രമങ്ങള്‍ ആരംഭിച്ചത്. ഫെയ്‌സ്ബുക്കിലെ മുസ്ലീം വിരുദ്ധ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. 20 ഓളം വീടുകള്‍ ആക്രമിക്കപ്പെട്ടു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

പതിമൂന്നാം തീയതി പൂജ വേദിയില്‍ ഖുറാനെ അപമാനിച്ചതോടെയാണ് ആക്രമങ്ങള്‍ക്ക് തുടക്കമായത്. ഇതിനെ തുടര്‍ന്നുണ്ടായ പൊലീസ് വെടിവയ്പില്‍നാല് പേര്‍ മരിച്ചു. ഹിന്ദു ക്ഷേത്രങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ രണ്ട് പേര്‍ മരിച്ചു.