ടൊറന്റോ: വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ യുവാവ് വിചാരിച്ചില്ല താന്‍ ജീവിതത്തിലേക്ക് തിരികെ പിടിച്ച് കയറുമെന്ന്. ഇതിന് അയാള്‍ക്ക് തുണയായത് ആകട്ടെ അഞ്ച് സിക്കുകാരുടെ തലപ്പാവ്. ഗോള്‍ഡന്‍ ഇയേഴ്‌സ് പാര്‍ക്കിലെ വെള്ളച്ചാട്ടത്തില്‍ വീണ യുവാവിനാണ് സിക്കുകാര്‍ ജീവന്‍ തിരികെ നല്‍കിയത്.

യുവാവ് വെള്ളച്ചാട്ടത്തിലേക്ക് കാല്‍വഴുതി വീഴുന്നത് കണ്ട അഞ്ച് സിക്ക് യുവാക്കള്‍ തങ്ങളുടെ തലപ്പാവ് അഴിച്ച് ഒന്നിച്ച് ചേര്‍ത്ത് കയറു പോലെയാക്കി വെള്ളച്ചാട്ടത്തില്‍ വീണ യുവാവിന് എറിഞ്ഞ് നല്‍കുകയായിരുന്നു. അയാള്‍ ഇതില്‍ പിടിച്ച് ജീവിതത്തിലേക്ക് തിരികെ കയറി.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് സംഭവംം,. ഇതിന്റെ ദൃശ്യങ്ങള്‍ ഇവിടുത്തെ സിക്ക് സമുദായത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്ക് വച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഇവിടുത്തെ രക്ഷാ ദൗത്യം പറയുന്നത് ഇങ്ങനെ.- കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് രണ്ട് യുവാക്കള്‍ വെള്ളച്ചാട്ടത്തില്‍ വീണതായി തങ്ങള്‍ക്ക് സന്ദേശമെത്തുന്നത്. ഇതില്‍ ഒരാള്‍ക്ക് തിരികെ കയറാനാകുന്നില്ലെന്നായിരുന്നു സന്ദേശം. തങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. എന്നാല്‍ അപ്പോഴേക്കും അഞ്ച് സിക്കുകാര്‍ ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്.

അല്‍പ്പം വൈകിയിരുന്നെങ്കില്‍ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ യുവാവിന്റെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നില്ല. ഇയാള്‍ക്ക് ഏറെ നേരം ഇത്തരത്തില്‍ പിടിച്ച് കിടക്കാന്‍ സാധിക്കുമായിരുന്നില്ല. താഴേക്ക് പതിച്ചാല്‍ കാലുകള്‍ക്ക് ഒടിവ് അടക്കം സംഭവിച്ചേനെ, അല്‍പ്പം കൂടി വൈകിയാല്‍ ജീവന്‍ തന്നെ നഷ്ടമാകുകയും ചെയ്‌തേനെ എന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.