ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് താരം ബെറ്റിലിന്‍(95) അന്തരിച്ചു. ആന്‍ഡി ഗ്രിഫ്ത്ത് ഷോയില്‍ ബാര്‍ണി ഫിഫെയുടെ കാമുകയായ തെല്‍മ ലൗ എന്ന കഥാപാത്രം ഇവര്‍ക്ക് വലിയ പ്രശസ്തിയാണ് നേടിക്കൊടുത്തത്.

നോര്‍ത്ത് കരോലിനയിലെ മൗണ്ട് ഐരിയില്‍ ചെറിയൊരു അസുഖമുണ്ടായതിനെ തുടര്‍ന്നാണ് താരം മരണത്തിന് കീഴടങ്ങിയത്. ഇവിടെ ഒരു വിരമിക്കല്‍ വസതിയിലായിരുന്നു ഇവരുടെ താമസം. 2006ല്‍ ആന്‍ഡി ഗ്രിഫ്ത്തിന്റെ ജന്മസ്ഥലത്തേക്ക് ഇവര്‍ താമസം മാറുകയും ഇവിടെ ആന്‍ഡി ഗ്രിഫ്ത്ത് മ്യൂസിയത്തില്‍ നിത്യവും ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തിരുന്നു. മ്യൂസിയമാണ് ഇവരുടെ മരണ വിവരം ആരാധകരെ അറിയിച്ചത്.

പല പ്രശസ്ത കഥാപാത്രങ്ങളിലേക്കും എത്തുന്നതിന് മുമ്പ് സുന്ദരിയായ ഇവര്‍ ജൂണ്‍ ബ്രൈഡ്(1948), ചീപ്പര്‍ ബൈ ദ ഡസന്‍(1950)തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

മിസൗറിയിലെ കന്‍സസ് നഗരത്തില്‍ 1926 ഓഗസ്റ്റ് 29നാണ് ബെറ്റി ലിന്‍ ജനിച്ചത്. ഇവരുടെ അമ്മ എലിസബത്ത് ഒരു ഒപ്പെറ ഗായിക ആയിരുന്നു. ഇതാണ് അവര്‍ക്ക് കലാരംഗത്തേക്ക് വഴി തെളിച്ചത്. അഞ്ചാം വയസില്‍ കന്‍സസ് സിറ്റി കണ്‍സര്‍വേറ്ററി മ്യൂസിക് ക്ലബ്ബില്‍ ബെറ്റി അംഗമായി. പിന്നീട് നിരവധി റേഡിയോകള്‍ക്കും പ്രമുഖ ക്ലബ്ബുകള്‍ക്കും വേണ്ടി ഗാനങ്ങള്‍ ആലപിച്ച് മെല്ലെ പ്രശസ്തിയിലേക്ക് ചുവട് വച്ചു. കൗമാരപ്രായമായപ്പോഴേക്കും ഇവര്‍ ഗായിക എന്ന നിലയില്‍ ഏറെ പ്രശസ്ത ആയിക്കഴിഞ്ഞിരുന്നു. പതിനെട്ടാം വയസില്‍ യുഎസ്ഓയുടെ ഭാഗമായി ഇവര്‍ ന്യൂയോര്‍ക്കിലേക്കും ചൈനയിലേക്കും എത്തപ്പെട്ടു. ബര്‍മ്മ, ഇന്ത്യ, തുടങ്ങിയ രാജ്യങ്ങളിലും വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

ഹാസ്യ കുടുംബ ചിത്രമായ സിറ്റിംഗ് പ്രെറ്റി(1948)എന്ന സിനിമയിലൂടെ ആണ് ഇവര്‍ ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ചത്. റോബര്‍ട്ട് യങ്, മൗരീന്‍ ഒ ഹര, ക്ലിഫ്റ്റണ്‍ വെബ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ഇവരുടെ ആദ്യ സിനിമ അഭിനയം. പിന്നീടിങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. നിരവധി നല്ല ചിത്രങ്ങളും വേഷങ്ങളും ഇവരെ തേടിയെത്തി.

സംസ്‌കാര സമയം സംബന്ധിച്ച തീരുമാനങ്ങള്‍ പിന്നീട് അറിയീക്കാമെന്ന് ആന്‍ഡി ഗ്രിഫ്ത്ത് മ്യൂസിയം അധികൃതര്‍ അറിയിച്ചു.