വാഷിങ്ടണ്‍: നിരവധി തവണയാണ് ഈ അമ്മയ്ക്ക് ഗര്‍ഭം അലസിപ്പോയത്. ഒടുവില്‍ പിറന്ന കണ്‍മണിക്കാകട്ടെ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ നവജാത ശിശുവെന്ന വിശേഷണവും ലഭിച്ചു. ഇവന്‍ ഇപ്പോള്‍ ലോകമാധ്യമങ്ങളുടെ തലക്കെട്ടാണ്.

അമേരിക്കക്കാരിയായ കാരി എന്ന യുവതിക്ക് പിറന്ന കുഞ്ഞിന്റെ ഭാരം 6.3 കിലോയാണ്. ഫിന്‍ലി എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷമായി ഒരുകുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു കാരിയും ഭര്‍ത്താവ് ടിമ്മും. ഇതിനിടെ ഇവര്‍ക്ക് രണ്ട് പ്രാവശ്യം ഗര്‍ഭം അലസിപ്പോയി. ഇവര്‍ക്ക് രണ്ട് വയസുള്ള ഒരു മകളുണ്ട്. അതിന് മുമ്പ് ഇവര്‍ക്ക് പതിനേഴ് തവണയാണ് ഗര്‍ഭച്ഛിദ്രമുണ്ടായത്.

മുപ്പതുവര്‍ഷമായി പ്രസവമെടുക്കുന്ന താന്‍ ഇതുവരെയും ഇത്രയും ഭാരമുള്ള ഒരു നവജാതശിശുവിനെയും കണ്ടിട്ടില്ലെന്നാണ് കാരിയുടെ ഡോക്ടര്‍ പറയുന്നത്. ആറുമുതല്‍ ഒന്‍പത് മാസം വരെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് സാധാരണയായി ഇത്രയും ഭാരം ഉണ്ടാകുക. അരിസോണയിലെ തണ്ടര്‍ ബേര്‍ഡ് മെഡിക്കല്‍ സെന്ററിലായിരുന്നു ഇവരുടെ പ്രസവം. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.