കാഠ്മണ്ഡു. നേപ്പാളില്‍ അപകടം. ബസ് നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 32 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
നേപ്പാളിലെ മുഗു ജില്ലയിലെ ഗംഗാദിയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൊണ്ടിരുന്ന ബസ് റോഡില്‍ നിന്നും തെന്നിമാറി നദിയിലേക്ക് മറിയുകയായിരുന്നു. ചായനാഥ് രാര മുനിസിപ്പാലിറ്റിയിലെ പിനാ ജ്യാരി നദിയിലേക്കാണ് ബസ് മറിഞ്ഞത്.

വിജയദശമി ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നവരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്താനായി നേപ്പാള്‍ ആര്‍മി ഹെലികോപ്റ്റര്‍ അയച്ചിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍ തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ പത്ത് പേരെ കോഹല്‍പൂര്‍ മെഡിക്കല്‍ കോളേജിലും 5 പേരെ നേപ്പാളഞ്ചിലെ നഴ്സിംഗ് ഹോമിലും പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.