ലണ്ടന്‍: സ്ത്രീകളെ അവരുടെ യാത്രകളില്‍ നിരീക്ഷിക്കാന്‍ ആപ്പുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയുമായി ചേര്‍ന്നാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകളുടെ സുരക്ഷക്കാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

ഡിസംബറോടെ ഇതിന്റെ പ്രവര്‍ത്തനം രാജ്യത്ത് നിലവില്‍ വരും. ലണ്ടനില്‍ തനിയെ നടക്കുന്ന സ്ത്രീകളുടെ കൊലപാതകങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

എന്നാല്‍ പലരും ഇതിനെതിരെ വിമര്‍ശനവുമായി ഇതിനകം തന്നെ രംഗത്ത് എത്തിക്കഴിഞ്ഞു. വോക്ക് മീ ഹോം എന്നാണ് പുതിയ ആപ്പിന് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. അല്ലെങ്കില്‍ 888 എന്ന നമ്പരിലേക്ക് വിളിച്ചും നിങ്ങള്‍ക്ക് പരാതികള്‍ നല്‍കാം. ഇത്തരം ആപ്പുകളും മറ്റും സ്ത്രീകള്‍ക്ക് കൂടുതല്‍ അരക്ഷിതത്വം നല്‍കാനേ ഉപകരിക്കൂ എന്നാണ് വിമര്‍ശകരുടെ പക്ഷം. പുരുഷന്‍മാരില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ക്ക് അക്രമം ഉണ്ടാകാം എന്നൊരു ഭീതി അവരില്‍ സ്ഥിരമായി ജനിപ്പിക്കാനും ഇത് കാരണമാകും.

പുത്തന്‍ ആപ്പ് വികസിപ്പിക്കാനായി ബ്രിട്ടീഷ് ടെലികോം കമ്പനി(ബിടി) 680 ലക്ഷം അമേരിക്കന്‍ ഡോളര്‍ ഇതുവരെ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിക്കഴിഞ്ഞു. ഏറെ ജനോപകാരപ്രദമായ സേവനമാണിതെന്നാണ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഇതിനെ വിശേഷിപ്പിച്ചത്.

ജിപിഎസ് ട്രാക്കിംഗ് സംവിധാനം ആവശ്യമുണ്ടോയെന്ന് ഉപഭോക്താവിനോട് ആരാഞ്ഞ ശേഷം മാത്രമേ ഇത് പ്രവര്‍ത്തിക്കൂ എന്നാണ് ബിടി ചീഫ് എക്‌സിക്യൂട്ടീവ് ഫിലിപ്പ് ജാന്‍സെന്‍ വ്യക്തമാക്കിയിട്ടുള്ളത്. കൃത്യസമയത്ത് ഇവര്‍ ഏത്തേണ്ടിടത്ത് എത്തിയില്ലെങ്കില്‍ എമര്‍ജന്‍സി നമ്പരുകളിലും പൊലീസിലും ഈ സംവിധാനം വഴി സന്ദേശം എത്തു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് എമര്‍ജന്‍സി നമ്പരായ 888ലേക്ക് വിളിച്ചോ സന്ദേശം അയച്ചോ അറിയിക്കാവുന്നതുമാണ്.

ലണ്ടനിലെ ഒരു പൊലീസ് ഓഫീസര്‍ തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സാങ എവരാഡ്, സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ കൊല്ലപ്പെട്ട സബീന നെസ എന്നിവ പുറത്ത് വന്നതോടെയാണ് ഇത്തരമൊരു ആശയത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്.

രാജ്യത്ത് മൂന്ന് ദിവസത്തില്‍ ശരാശരി ഒരു സ്ത്രീ എന്ന നിലയില്‍ ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ കൊലപാതകങ്ങള്‍ ജനങ്ങളില്‍ കനത്ത പ്രതിഷേധമാണ് ഉണ്ടാക്കിയത്.

ഈ പ്രശ്‌നങ്ങള്‍ നാല് കുട്ടികളുടെ പിതാവായ ജാന്‍സണ്‍ എന്ന ആളിലും ഏറെ സ്വാധീനം ചെലുത്തി. സ്്ത്രീകളുടെ സുരക്ഷയ്ക്കായി എന്തെങ്കിലും മാര്‍ഗം കണ്ടെത്തണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുരുഷ ആക്രമണങ്ങള്‍ പലരെയും ഭയത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒരു ആപ്പ് വികസിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജാന്‍സണ്‍ സര്‍ക്കാരിന് കത്തയച്ചു. പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി എന്തെങ്കിലും മാര്‍ഗം കണ്ടെത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.