ന്യൂഡല്‍ഹി .ലോകത്തെ വലച്ച ഏഴുമണിക്കൂറിന് ശേഷം അവര്‍ തിരിച്ചെത്തി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്നലെ രാത്രി മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കാതിരുന്ന സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ തിരിച്ചെത്തി. ഏഴ് മണിക്കൂറിന് ശേഷമാണ് സാങ്കേതിക പ്രശ്നം പരിഹരിക്കപ്പെട്ടത്. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന തടസം നേരിട്ടതായും ഉപഭോക്താക്കള്‍ക്കുണ്ടായ പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഫേസ്ബുക്ക് സി ഇ ഒ മാര്‍ക് സുക്കര്‍ബെര്‍ഗ് ട്വീറ്റ് ചെയ്തിരുന്നു.


ഫേസ്ബുക്ക് മെസഞ്ചറിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും ഫേസ്ബുക്ക് അറിയിച്ചു. സാങ്കേതിക തകരാറിന് പിന്നാലെ ആഗോളതലത്തില്‍ ഫേസ്ബുക്കിന്റെ ഓഹരിമൂല്യം 5.5 ശതമാനം ഇടിഞ്ഞു.

തിങ്കളാഴ്ച രാത്രി ഒമ്ബതുമണിയോടെയാണ് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും വാട്‌സാപ്പിന്റെയും സേവനം താത്ക്കാലികമായി പണിമുടക്കിയത്. ഫേസ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു സേവനങ്ങള്‍ തകരാറിലായെന്ന് പ്രതികരണം. ഏഴുമണിക്കൂറോളമാണ് ഫേസ്ബുക്കിനുകീഴിലുള്ള സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടത്.