‘ട്രംപ് നൊബേൽ പുരസ്കാരത്തിന് അര്‍ഹൻ’; ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ട്രംപെന്ന് ആവര്‍ത്തിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി

127
Advertisement

കെയ്റോ: ഇന്ത്യ പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് ഡോണൾഡ് ട്രംപെന്ന് ആവർത്തിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ട്രംപിന്‍റെ സാന്നിധ്യത്തിലാണ് ഷെരീഫ് ഇക്കാര്യം ഈജിപ്തിൽ പറഞ്ഞത്. ട്രംപ് നൊബെൽ സമ്മാനത്തിന് അർഹനെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

ഗാസ സമാധാന കരാറിനായുള്ള ഈജിപ്തിലെ രാജ്യാന്തര ഉച്ചക്കോടിയിൽ ഷഹ്ബാസ് ഷെരീഫിനെ ട്രംപ് ഇക്കാര്യം പറയാൻ പ്രത്യേകം ക്ഷണിക്കുകയായിരുന്നു. ട്രംപ് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ആണവ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വെറെ തലത്തിലേക്ക് മാറുമായിരുന്നുവെന്നും അത് കാണാൻ എത്ര പേര് ബാക്കിയുണ്ടാകുമെന്ന് പോലും അറിയാത്തവിധമാകുമായിരുന്നുവെന്നും പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് പറഞ്ഞു.

വെടിനിര്‍ത്തലിനായി ട്രംപ് നിരന്തരം പ്രയത്നിച്ചു. ഇതിനാലാണ് ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തതെന്നും ഷഹ്ബാസ് ഷെരീഫ് പറഞ്ഞു. ഇന്ത്യ തന്‍റെ അടുത്ത സുഹൃത്താണെന്നും ഇന്ത്യയും പാകിസ്ഥാനും ഒന്നിച്ച് മുന്നോട്ടുപോകുമെന്നാണ് കരുതുന്നതെന്നും ഈജിപ്തിലെ ഉച്ചകോടിയിൽ ഡോണാൾഡ് ട്രംപ് പറഞ്ഞു.

ഗാസയിലെ രക്തരൂക്ഷിത യുദ്ധത്തിന് വിരാമം

രണ്ടു വർഷം നീണ്ട ഗാസയിലെ രക്തരൂക്ഷിത യുദ്ധത്തിന് വിരാമമിട്ടാണ് സമാധാനക്കരാറിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചത്.യുഎസ്, ഈജിപ്ത്, തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് കരാർ സാധ്യമായത്. കരാർ ഒപ്പുവയ്ക്കാനുള്ള ഈജിപ്തിലെ രാജ്യാന്തര ഉച്ചകോടിയിൽ പങ്കെടുക്കാന്‍ ട്രംപിനെ കൂടാതെ വിവിധ ലോക നേതാക്കളും എത്തി.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവസാന നിമിഷം പിന്മാറിയത് ചർച്ചകൾക്ക് വഴിയൊരുക്കി. ഇസ്രയേൽ പൗരൻമാരായ ബന്ദികളെ ഹമാസും, തടവിലുള്ള പലസ്തീൻ പൗരൻമാരെ ഇസ്രയേലും കരാറിന്‍റെ ഭാഗമായി മോചിപ്പിച്ചു. ഇസ്രയേലും ഹമാസും അംഗീകരിച്ച ട്രംപിന്‍റെ ഇരുപതിന പദ്ധതി ഉച്ചകോടി ചർച്ച ചെയ്ത് അംഗീകരിച്ചു. പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനം പുലരുന്നതിന് വേണ്ട നട‌പടികളും ഉച്ചകോടി വിശദമായി ചർച്ച ചെയ്തു. ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തില്ല. പകരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഇന്ത്യയെ പ്രതിനിധീകരിച്ചു.

Advertisement