14 മണിക്കൂറിൽ 800 ഭൂകമ്പങ്ങൾ; പൊട്ടിത്തറി പ്രതീക്ഷിച്ച് ഐസ്‌ലൻഡ്

Advertisement

യൂറോപ്യൻ രാജ്യമായ ഐസ്‌ലൻഡിൽ 14 മണിക്കൂറിനിടെ 800 ഭൂകമ്പങ്ങൾ രേഖപ്പെടുത്തി. ഗ്രീൻലൻഡിന്റെ തെക്കേ അറ്റത്തെ റെയ്ക്ജാനസ് ഉപദ്വീപാണ് പ്രഭവകേന്ദ്രം.

ഗ്രീൻലൻഡിനും യൂറോപ്പിനും ഇടയ്ക്കാണ് ഐസ്‍ലൻഡ് സ്ഥിതി ചെയ്യുന്നത്. തുടർച്ചയായ പ്രകമ്പനങ്ങൾ അഗ്നിപർവത സ്ഫോടനത്തിന് കാരണമാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഡംബര ഹോട്ടലുകളും പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ബ്ലൂ ലഗൂണും നേരത്തെ തന്നെ അടച്ചുപൂട്ടിയിരുന്നു.

തുടർച്ചയായുണ്ടായ ഭൂചലനത്തിൽ 5.2 തീവ്രത രേഖപ്പെടുത്തിയതാണ് ഏറ്റവും ശക്തമായത്. ഐസ്‌ലൻഡ് തലസ്ഥാനമായ റെയ്ക്ജാവിക്കിൽ നിന്ന് 40 കിലോമീറ്റ്‍ അകലെയായി രണ്ട് ഭൂചലനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തെക്കൻതീരത്തെ ഒട്ടുമിക്ക വീടുകളിലെയും ജനാലകളും വീട്ടുപകരണങ്ങളും ഇളകിവീണു. ആൾനാശമോ കാര്യമായ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

ഇനിയും ഭൂചലനകൾ ഉണ്ടായേക്കാമെന്നും അത് ഉപരിതലത്തിൽ ദൃശ്യമായാൽ പൊട്ടിത്തെറിയായി മാറുമെന്നും ഡിപ്പാർട്മെന്റ് ഓഫ് സിവിൽ പ്രൊട്ടക്ഷൻ ആൻഡ് എമർജൻസി മാനേജ്മെന്റും ഐസ്‌ലാൻഡിക് മെറ്റ് ഓഫിസും (ഐഎംഒ) മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഒക്ടോബർ മുതൽ ഉപദ്വീപിൽ ചെറിയ തോതിലുള്ള 24,000 ഭൂചനങ്ങൾ രേഖപ്പെടുത്തിയതായി ഐഎംഒ റിപ്പോർട്ട് ചെയ്യുന്നു.

ഭൂകമ്പം രേഖപ്പെടുത്തിയ പ്രദേശത്തുനിന്നും മൂന്ന് കിലോമീറ്റർ തെക്ക് പടിഞ്ഞാറായി ഗ്രിൻഡാവിക് എന്ന ഗ്രാമം ഉണ്ട്. ഇവിടെ നാലായിരത്തിലധികം ആളുകളാണ് വസിക്കുന്നത്. അഗ്നിപർവത സ്ഫോടനം ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിന് തയാറാണെന്ന് സർക്കാർ അറിയിച്ചു.

Advertisement