അഞ്ച് വയസുകാരനെ കൊലപ്പെടുത്തി പാചകം ചെയ്ത് കഴിച്ചു; അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളില്ല, വിചാരണ തുടങ്ങാം: കോടതി

Advertisement

​കെയ്റോ: അന്ധമായ ചില വിശ്വാസങ്ങൾ മനുഷ്യനെ കൊണ്ട് ചെയ്യിക്കുന്ന ക്രൂരതയ്ക്ക് ഒരു അന്തവുമില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഹനാ മുഹമ്മദ് ഹസൻ എന്ന് ഈജിപ്തുകാരി. ഭർത്താവുമായുള്ള അസ്വാരസ്യങ്ങൾ അവളെ കൊണ്ട് ചെയ്യിച്ച ചെയ്തി കോടതിയെ പോലും അത്ഭുതപ്പെടുത്തി. ഇതേ തുടർന്ന് ആ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്നുവരെ കോടതി സംശയിച്ചു. എന്നാൽ, ചെയ്ത കൃത്യം അവർ ബോധപൂർവ്വം ചെയ്തതാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

അഞ്ച് വയസുകാരനായ മകനെ വെട്ടു കത്തികൊണ്ട് കൊലപ്പെടുത്തി, തലയുടെ ഭാഗം പാകം ചെയ്ത് ഭക്ഷിച്ച അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യങ്ങളൊന്നും ഇല്ലെന്ന് ഈജിപ്ഷ്യൻ പബ്ലിക് പ്രോസിക്യൂഷൻറെ നിഗമനം. ഇതോടെ 29 കാരിയായ ഹനാ മുഹമ്മദ് ഹസൻറെ വിചാരണയ്ക്കുള്ള വഴി തെളിഞ്ഞു. ഈജിപ്തിലെ അഷ് ഷർഖിയ ഗവർണറേറ്റിലെ അബു ഷലാബിയിലുള്ള കുടുംബവീട്ടിൽ വച്ച് പ്രതിയുടെ സഹോദരൻ, ഒരു ബക്കറ്റിൽ കുട്ടിയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് കേസിന് തുടക്കം. മുൻ ഭർത്താവും കുടുംബവും മകൻ യൂസഫുമായി സമ്പർക്കം പുലർത്തുന്നതിനോ നിയമപരമായി നേടിയ, കുട്ടിയെ സന്ദർശിക്കാനുള്ള അവകാശം തടയാനും വേണ്ടിയാണ് ഹനാ മുഹമ്മദ് ഹസൻ മകനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

ഹനാ മുഹമ്മദ് കുട്ടിയുടെ തലയിൽ വെട്ടുകത്തിയുപയോഗിച്ച് മൂന്ന് തവണ വെട്ടിയാണ് കൊല ഉറപ്പ് വരുത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെ കുട്ടിയുടെ തലയുടെ ചില ഭാഗങ്ങളും മറ്റ് ശരീരഭാഗങ്ങളും ഇവർ സ്റ്റൗവിൽ വെച്ച് തിളച്ച വെള്ളത്തിൽ പാകം ചെയ്ത് കഴിക്കുകയായിരുന്നു. ഇത്രയും ക്രൂരമായ രീതിയിൽ സ്വന്തം മകനെ കൊലപ്പെടുത്തിയതിനെ തുടർന്ന് ഹനാ മുഹമ്മദിന് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തി. അന്വേഷണത്തിൽ ഇവർക്ക് യാതൊരു തരത്തിലുമുള്ള മാനസിക പ്രശ്നങ്ങളില്ലെന്നും മാനസിക നിലയെ ബാധിക്കുന്നതരത്തിലുള്ള മരുന്നുകളൊന്നും ഇവർ കഴിച്ചിട്ടില്ലെന്നും പോലീസ് കണ്ടെത്തി.

മകൻറെ തലയുടെ ഭാഗം താൻ പാകം ചെയ്ത് കഴിച്ചത് അവൻ എന്നും തന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണെന്നാണ് അവർ പോലീസിൻറെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്. ഛിന്നഭിന്നമാക്കപ്പെട്ട മകൻറെ മൃതദേഹം കാണുന്നതിൽ നിന്ന് പോലീസ് തന്നെ തടഞ്ഞുവെന്ന് ഹനാ മുഹമ്മദിൻറെ മുൻ ഭർത്താവ് എച്ച്.എ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. നാല് വർഷം മുമ്പ് തങ്ങൾ വേർപിരിഞ്ഞുവെന്നും, എങ്കിലും പിന്നീട് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും, കുട്ടിയെ തങ്ങളിൽ നിന്ന് അകറ്റിനിർത്താനും അവനിൽ തനിക്കെതിരെയുള്ള ശത്രുത വളർത്താനും ഹന ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബന്ധം വേർപിരിഞ്ഞിട്ടും വീണ്ടും ഹനയുമായി താൻ അടുക്കാനുള്ള കാരണവും യൂസഫായിരുന്നു. അവന് ആവശ്യമുള്ളതെല്ലാം താൻ വാങ്ങി നൽകി. പക്ഷേ, തനിക്കും തൻറെ കുടുംബത്തിനുമെതിരെയുള്ള കാര്യങ്ങൾ മകനെ പറഞ്ഞ് പഠിപ്പിക്കാനായിരുന്നു ഹന ശ്രമിച്ചത്. പിന്നാലെ കോടതി നൽകിയ കുട്ടിയെ കാണാനുള്ള അവകാശം ഹന നിഷേധിച്ചു. മാത്രമല്ല, തന്നിൽ നിന്നും കുട്ടിയെ അകറ്റാനുള്ള എല്ലാ ശ്രമങ്ങളും അവൾ നടത്തി. ഒടുവിൽ യൂസഫിനെ കാണാനായി താൻ ഹനയുടെ കുടുംബവുമായി ബന്ധപ്പെട്ടെങ്കിലും നടന്നില്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എന്നാൽ, യൂസഫിനെ തന്നിൽ നിന്നും അകറ്റാനും തന്നെ ഒറ്റപ്പെടുത്താനുമാണ് മുൻ ഭർത്താവ് ശ്രമിച്ചതെന്നും ഇത് നിരന്തരം തുടർന്നപ്പോഴാണ് കുട്ടിയെ കൊലപ്പെടുത്തി അവൻറെ അച്ഛനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചതെന്നുമാണ് ഹനാ മുഹമ്മദ് പോലീസിനോട് ഏറ്റുപറഞ്ഞത്. ഹനയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് തെളിഞ്ഞതോടെ വിചാരണ ആരംഭിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisement