ഭീതി പ‌ടർത്തി ‘സോംബി ഡ്രഗ്’ ഉപയോഗം; ഉപയോഗിച്ചു കഴിഞ്ഞാൽ ചർമ്മം അഴുകും സ്വയബോധം പൂർണ്ണമായും നഷ്ടപ്പെടും

Advertisement

വാഷിം​ഗ്ടൺ: ദേശങ്ങളുടെ വ്യത്യാസമില്ലാതെ ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം. നിരവധി കുട്ടികളും മുതിർന്നവരും ആണ് മയക്കുമരുന്ന് അടിമകളായി തീർന്നിരിക്കുന്നത്.

മയക്കുമരുന്നിനെ സമൂഹത്തിൽനിന്ന് തുടച്ചുനീക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലാണ് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമേരിക്കയിലെ ഫിലാഡൽഫിയയിൽ നിന്നുള്ളതാണ് ഈ വീഡിയോ ദൃശ്യങ്ങൾ എന്നാണ് പറയപ്പെടുന്നത്. ഇവിടെ ഒരു തെരുവിൽ നിരവധി യുവാക്കളും കൗമാരക്കാരും മയക്കുമരുന്ന് ഉപയോഗിച്ച് സ്വയംബോധം നഷ്ടപ്പെട്ട് സോമ്പികൾക്ക് സമാനമായ രീതിയിൽ പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്.

യുഎസിലെ ഫിലാഡൽഫിയയിലെ തെരുവുകളിൽ ആണ് ‘സോംബി ഡ്രഗ്’ ഉപയോഗം ഒരു പകർച്ചവ്യാധി പോലെ പടർന്നു പിടിക്കുകയും നിരവധിയാളുകൾ അതിന് അടിമപ്പെട്ടു പോവുകയും ചെയ്തിരിക്കുന്നത്. വിയോൺ ന്യൂസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, വീഡിയോയിൽ കാണിച്ചിരിക്കുന്ന പ്രദേശം കെൻസിംഗ്ടണിന് സമീപത്താണ്. ‘RaphouseTv’ എന്ന ട്വിറ്റർ ഹാൻഡിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ സോംബി അവസ്ഥയിലുള്ള നിരവധി ആളുകളാണ് ഒരു തെരുവിലൂടെ കടന്നു പോവുകയും റോഡിൽ അവശനിലയിൽ ഇരിക്കുകയും ഒക്കെ ചെയ്യുന്നത്.

സൈലാസൈൻ അഥവാ ‘ട്രാങ്ക്’ എന്ന് അറിയപ്പെടുന്ന മയക്കുമരുന്നിന്റെ ഉപയോഗമാണ് ഇത്തരത്തിൽ ഒരു അവസ്ഥയിലേക്ക് ആളുകളെ തള്ളിവിടുന്നത്. സ്വബോധം പൂർണമായും നഷ്ടപ്പെടും എന്നതിനു പുറമേ ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളിലേക്കും ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ തള്ളിവിടുന്നു.

വളർന്നുവരുന്ന ഏറ്റവും വലിയ ഭീഷണിയായാണ് അടുത്തിടെ വൈറ്റ് ഹൗസ് ഈ മയക്കുമരുന്നിനെ വിശേഷിപ്പിച്ചത്. നഗരത്തിൽ ഒരു പകർച്ചവ്യാധി പോലെ വൻതോതിൽ ഇതിൻറെ ഉപയോഗം വ്യാപിച്ചുകഴിഞ്ഞു എന്നാണ് ഫിലാഡൽഫിയ ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നത്.

Advertisement