മാതാപിതാക്കളിൽ നിന്ന് ബൈബിൾ പിടികൂടി; രണ്ടുവയസ്സുകാരന് ജീവപര്യന്തം ശിക്ഷ

വാഷിങ്ടൺ: ബൈബിളുമായി പിടിക്കപ്പെട്ടെ ദമ്പതികളുടെ രണ്ട് വയസ്സുകാരനായ മകന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഉത്തരകൊറിയ. മാതാപിതാക്കൾക്ക് വധശിക്ഷയും വിധിച്ചു.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ 2022 ലെ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ട് അനുസരിച്ച് ഉത്തരകൊറിയയിൽ 70,000 ക്രിസ്ത്യാനികളും മറ്റ് മതവിശ്വാസികളും തടവിലാണെന്ന് പറയുന്നു. തടവിലാക്കപ്പെട്ടവരിൽ രണ്ട് വയസ്സുകാരനും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

കു‌ട്ടിയുടെ മാതാപിതാക്കളുടെ കൈവശം ബൈബിൾ കണ്ടെത്തിയതിനെ തുടർന്നാണ് ജീവപര്യന്തം ശിക്ഷിച്ചത്. മതപരമായ ആചാരങ്ങൾക്കും ബൈബിൾ കൈവശം വച്ചതിനുമാണ് കുടുംബത്തെ അറസ്റ്റ് ചെയ്തത്. 2009-ൽ രണ്ട് വയസ്സുകാരനുൾപ്പെടെ മുഴുവൻ കുടുംബത്തെയും ജയിലിൽ അടച്ചു. മാതാപിതാക്കളെ വധശിക്ഷക്കും വിധിച്ചു. ജയിലുകളിൽ കഴിയുന്നവരു‌ടെ അവസ്ഥ ശോചനീയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. എൻജിഒ സംഘടനയായ കൊറിയ ഫ്യൂച്ചറിന്റെ റിപ്പോർട്ട് ഉദ്ധരിച്ചാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇക്കാര്യങ്ങൾ പറയുന്നത്.

മതപരമായി ജീവിക്കുന്ന വ്യക്തികളെ ഉത്തര കൊറിയൻ സർക്കാർ പീഡിപ്പിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റ്, ശിക്ഷ, നിർബന്ധിത ജോലി, പീഡനം, നാടുകടത്തൽ, ലൈം​ഗിക പീഡനം തുടങ്ങിയ ഉപദ്രവമാണ് വിശ്വാസികൾ ഉത്തരകൊറിയയിൽ നേരിടുന്നത്. ചിലരെ വധശിക്ഷക്കും വിധേയമാക്കുന്നു. പീഡനത്തിനിരയായ 151 ക്രിസ്ത്യൻ മതവിശ്വാസികളായ സ്ത്രീകളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

ബലാത്സംഗം, രക്തം കുടിക്കൽ, അവയവ ശേഖരണം, കൊലപാതകം, ചാരപ്രവർത്തനം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളാണ് ക്രിസ്ത്യൻ മിഷനറിമാർ ചെയ്യുന്ന തിന്മകളെന്നാണ് ഉത്തരകൊറിയയിലെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യാനികൾ കുട്ടികളെ പള്ളികളിലേക്ക് വശീകരിക്കുന്നതും തുടർന്ന് അവരുടെ രക്തം വലിച്ചെടുക്കാൻ അവരെ ബേസ്മെന്റിലേക്ക് കൊണ്ടുപോകുന്നതും ചിത്രീകരിക്കുന്ന ഗ്രാഫിക് നോവലുകളും സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഒരാൾ കൊറിയ ഫ്യൂച്ചറിനോട് പറഞ്ഞു.

Advertisement