ആഭ്യന്തര സംഘര്‍ഷങ്ങള്‍ ജനങ്ങളെ ദുരിതത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്,അറബ് ഉച്ചകോടി ജിദ്ദയില്‍ സമാപിച്ചു

Advertisement

.ജിദ്ദ. 32-ാമത് അറബ് ഉച്ചകോടി ജിദ്ദയില്‍ സമാപിച്ചു. അറബ് മേഖലയില്‍ വിദേശ ഇടപെടല്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ഉച്ചകോടി പലസ്തീന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സിറിയന്‍ പ്രസിഡന്‍റ്, ഉക്രെയിന്‍ പ്രസിഡന്‍റ് എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ജിദ്ദയില്‍ നടന്ന ഏകദിന ഉച്ചകോടി.

മേഖലയില്‍ സമാധാനവും ഐക്യവും ഉറപ്പ് വരുത്തുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് 32-ാമത് അറബ് ഉച്ചകോടി ഇന്നലെ ജിദ്ദയില്‍ സമാപിച്ചത്. ഉച്ചകോടി അംഗീകരിച്ച ജിദ്ദാ പ്രഖ്യാപനത്തില്‍ സുസ്ഥിര വികസനം, സുരക്ഷ, സ്ഥിരത, സഹവര്‍ത്തിത്വം എന്നിവ പൌരന്‍റെ അവകാശങ്ങളാണെന്ന് പറയുന്നു. പലസ്തീന്‍ – ഇസ്രയേല്‍ സംഘര്‍ഷവും, സുഡാന്‍, യമന്‍, ലിബിയ, ലെബനന്‍ എന്നിവിടങ്ങളിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്തു. അറബ് രാജ്യങ്ങളിലെ വിദേശ ഇടപെടല്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച ഉച്ചകോടി ആഭ്യന്തര സംഘര്‍ഷങ്ങള്‍ ജനങ്ങളെ ദുരിതത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നല്കി.

പാലസ്തീന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ഉച്ചകോടി ഇസ്രായേലിന്റെ നിയമവിരുദ്ധ നടപടികളെ അപലപിച്ചു. സുഡാനിലെ സംഘര്‍ഷം വളര്‍ത്തുന്നത് വിദേശ ഇടപെടലുകള്‍ ആണെന്നും കലാപത്തില്‍ ഏര്‍പ്പെട്ട വിഭാഗങ്ങള്‍ സമാധാനത്തിനും ഐക്യത്തിനും തയ്യാറാകണമെന്നും അറബ് നേതാക്കള്‍ ആവശ്യപ്പെട്ടു. സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഉച്ചകോടി സിറിയയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറബ് ഉച്ചകോടിയില്‍ സിറിയ പങ്കെടുക്കുന്നത്. സിറിയന്‍ പ്രസിഡന്‍റ് ബശാര്‍ അല്‍ അസദ് ഉച്ചകോടിയില്‍ സംസാരിച്ചു. ഉക്രെയിന്‍ പ്രസിഡന്‍റ് വ്ളോദമിന്‍ സെലെന്‍സ്കീയായിരുന്നു ഉച്ചകോടിയിലെ വിശിഷ്ടാതിഥി. റഷ്യ-ഉക്രെയിന്‍ യുദ്ധത്തില്‍ സൌദിയുടെ മധ്യസ്ഥതയില്‍ സമാധാന ശ്രമം ഉണ്ടാകുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

Advertisement