കാറിന് പിന്നിൽ പ്രത്യേക ഇരുമ്പ് കൂട്ടിൽ കുട്ടികളുമൊത്തുള്ള യാത്ര; നടപടി ആവശ്യപ്പെട്ട് നെറ്റിസൺസ്

കറാച്ചി: കേരളത്തിലെ റോഡുകളിൽ വിവാദമായ എഐ കാമറകൾ നിറഞ്ഞതോടെ കുട്ടികളെ ബൈക്കിലും സ്കൂട്ടികളിലും ഒളിച്ച് വച്ച് വാഹനമോടിക്കുന്ന മാതാപിതാക്കളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു. രണ്ട് സീറ്റുള്ള ബൈക്കിൽ കുട്ടികളെയും കൂടി ഇരുത്തിയാൽ എഐ കാമറയുടെ പിടിവിഴുമെന്നത് തന്നെ കാര്യം. ഇതിനിടെയാണ് പാകിസ്ഥാനിലെ കറാച്ചിയിൽ കുട്ടികളെ കാറിൻറെ പിന്നിൽ പ്രത്യേകം തയ്യാറാക്കിയ ഇരുമ്പ് കൂടിൽ കൊണ്ടു പോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

auto_fashion_pk എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് നാല് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തി അറുപത്തിയൊന്നായിരത്തിലേറെ പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. ‘കറാച്ചിക്കാരെ ടാഗ് ചെയ്യൂ’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരു കാറിൽ ഉൾക്കൊള്ളാവുന്നതിലേറെ അംഗങ്ങളുള്ള ഒരു കുടുംബത്തിൻറെതായിരിക്കണം ആ കാർ. വീഡിയോയിൽ കാറിൻറെ പുറകിലെ ഗ്ലാസിലൂടെ കാറിനുള്ളിൽ നിറഞ്ഞിരിക്കുന്ന ആളുകളെ കാണാം. മുൻ സീറ്റിന് പുറമേ പുറകിലെ സീറ്റിലും സ്ത്രീകളും കുട്ടികളും തിങ്ങിയാണ് ഇരിക്കുന്നത്.

ഇതിന് പുറമേയാണ് കാറിൻറെ പുറകിൽ പ്രത്യേകം പണിയിച്ച ഒരു ഇരുമ്പ് കൂട് ഘടിപ്പിച്ചിരുന്നത്. അതിൽ മൂന്ന് ചെറിയ കുട്ടികളായിരുന്നു – രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും – ഉണ്ടായിരുന്നത്. കാർ കറാച്ചിയിലെ പ്രധാന റോഡിലൂടെ കടന്ന് പോകുന്നതിനിടെ പുറകിൽ വന്ന വാഹനത്തിലുള്ളവരാണ് വീഡിയോ പകർത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേർ കുറിപ്പുമായെത്തി. ‘ഇതാണ് എലോൺ മസ്ക്’ എന്നായിരുന്നു ഒരാളുടെ കമൻറ്. ‘ഇത് വളരെയധികം അപകടകരമാണ്. ഈ മനുഷ്യനെ ഇത് തുടരാൻ അനുവദിക്കരുത് ആരെങ്കിലും അയാൾക്കെതിരെ നിയമ നടപടി കൈക്കൊള്ളണം.’ വേറൊരാൾ കുറിച്ചു. കുട്ടികളെ ഇത്തരത്തിൽ കൊണ്ടു പോയതിന് ഡ്രൈവർക്കെതിരെ നടപടി വേണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു.

Advertisement