ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ ഉദ്ഘാടനത്തിന് ടിം കുക്ക് എത്തും

Advertisement

മുംബൈ: ചൈനക്ക് പകരം ഇന്ത്യയെ തങ്ങളുടെ പ്രധാനപ്പെട്ട ഉത്പാദന കേന്ദ്രമാക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ. കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം 750 കോടി ഡോളറിന്റെ (ഏകദേശം 61,384.13 കോടി രൂപ) ഐഫോണുകളും ഐപാഡുകളുമാണ് ഇന്ത്യയിൽ വിറ്റത്. ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുന്ന ആപ്പിളിന്റെ ആദ്യത്തെ ഔദ്യോഗിക സ്‌റ്റോർ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിൽ ചൊവ്വാഴ്ച പ്രവർത്തനമാരംഭിക്കുകുയാണ്. ആദ്യ സ്റ്റോറിന്റെ പേര് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആപ്പിൾ ബി.കെ.സി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആപ്പിൾ സ്റ്റോർ ഉദ്ഘാടനത്തിന്റെ ഭാഗമായി മേധാവി ടിം കുക്ക് മുംബൈയിൽ എത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ത്യയിൽ 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ആപ്പിൾ തങ്ങളുടെ ഔദ്യോഗിക സ്റ്റോറുമായി രാജ്യത്ത് എത്തുന്നത്. ആദ്യ ദിനം ആപ്പിൾ സ്റ്റോറിലെത്തുന്ന കസ്റ്റമേഴ്സിനെ ടിം കുക്ക് സ്വീകരിക്കും.

20,000 ചതുരശ്ര അടി വ്യാപിച്ചുകിടക്കുന്ന സ്റ്റോർ ആണ് മുംബൈയിലേത്. 18 ഓളം ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന 100 പേരടങ്ങുന്ന ടീമാണ് ആപ്പിൾ സ്റ്റോറിലുണ്ടാവുക. പ്രതിമാസം 42 ലക്ഷം രൂപയാണ് ഈ കെട്ടിടത്തിന് ആപ്പിൾ നൽകേണ്ട വാടക.

ഏപ്രിൽ അവസാനത്തോടെ സ്റ്റോർ തുറക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ‘ഹലോ മുംബൈ, ഞങ്ങൾ നിങ്ങളെ ഇന്ത്യയിലെ ആദ്യ സ്‌റ്റോറിലേക്ക് സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ്. ആപ്പിൾ ബി.കെ.സിക്ക് നിങ്ങളുടെ സർഗാത്മകതയെ എങ്ങോട്ടു കൊണ്ടുപോകാനാകുമെന്നു കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു’ എന്ന് വെബ്സൈറ്റിൽ കമ്പനി കുറിച്ചു. കൂടാതെ, സ്റ്റോറിൻറെ ലോഗോയിൽ ‘കാലി പീലി’ ടാക്‌സി ആർട്ടും ആലേഖനം ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആപ്പിൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ സ്റ്റോർ ഡൽഹിയിൽ വൈകാതെ തന്നെ തുറക്കും. ന്യൂയോർക്ക്, ദുബൈ, ലണ്ടൻ, ടോക്യോ ഉൾപ്പെടെ ലോകത്തിലെ പ്രധാന നഗരങ്ങളിൽ ആപ്പിളിന് 500ലധികം റീട്ടെയിൽ സ്റ്റോറുകളുണ്ട്.

Advertisement