ഇരട്ടക്കൺമണികളെ തിരിച്ചറിയാനാവുന്നില്ല: പൊലീസ് സ്റ്റേഷനിൽ സഹായം തേടി അമ്മ!

ഇരട്ട കുഞ്ഞുങ്ങൾ പൊതുവേ എല്ലാവർക്കും കൗതുകമാണ്. കാഴ്ചയിൽ ഒരുപോലെയുള്ളവരാണെങ്കിൽ പറയുകയും വേണ്ട. ഇവരെ തിരിച്ചറിയാനാവാത്തത് കൊണ്ട് അധ്യാപകർക്കും സുഹൃത്തുക്കൾക്കുമൊക്കെ ധാരാളം അബദ്ധങ്ങളും പറ്റാൻ സാധ്യതയുണ്ട്.

പൊതുവേ അച്ഛനമ്മമാർക്കും വീട്ടിലുള്ളവർക്കും ഇരട്ടകളെ വേഗത്തിൽ വേർതിരിച്ചറിയാനാവാറുണ്ട്. എന്നാൽ അർജന്റീന സ്വദേശിനിയായ സോഫി റോഡ്രിഗസ് എന്ന വനിതയുടെ കാര്യം ഇതിൽനിന്നെല്ലാം അല്പം വ്യത്യസ്തമാണ്. താൻ ജന്മം നൽകിയ ഇരട്ടക്കുഞ്ഞുങ്ങളെ എത്ര ശ്രമിച്ചിട്ടും തിരിച്ചറിയാനാവാതെ വന്നതോടെ ഒടുവിൽ സോഫിക്ക് പൊലീസിന്റെ സഹായം തേടേണ്ടി വന്നു.

തന്റെ പ്രവർത്തിയിലൂടെ ഈ വർഷത്തെ ഏറ്റവും നല്ല അമ്മയ്ക്കുള്ള അവാർഡ് വരെ കിട്ടാൻ അർഹതയുണ്ടെന്ന് തമാശയായി കുറിച്ചുകൊണ്ട് സോഫി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ജനിച്ച് കുറച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സോഫിക്ക് മക്കളെ തങ്ങളിൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഒടുവിൽ മറ്റൊരു മാർഗവും ഇല്ലാതെ വന്നതോടെയാണ് അവർ കുഞ്ഞുങ്ങളുമായി പൊലീസിനരികിലെത്തി സഹായം തേടിയത്. കുഞ്ഞുങ്ങളെ വേർതിരിച്ചറിയാനായി അവരുടെ വിരലടയാളം ശേഖരിക്കണമെന്നായിരുന്നു സോഫിയുടെ ആവശ്യം.

ഇരട്ട കൺമണികളുടെ ചിത്രങ്ങളും സോഫി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിൽ കുട്ടികൾ തമ്മിൽ അല്പം വ്യത്യാസമുള്ളതായി തോന്നും എന്ന് സോഫി തന്നെ വ്യക്തമാക്കുന്നു. പക്ഷേ ഇവർ രണ്ട് ദിശയിലേക്ക് നോക്കി കിടക്കുന്നതുകൊണ്ടാണ് ഈ വ്യത്യാസം തോന്നുന്നതെന്നും കിടപ്പിലും രൂപത്തിലും എല്ലാം കുട്ടികൾ ഒരേ പോലെയാണെന്നും സോഫി പറയുന്നുണ്ട്. എന്തായാലും തന്റെ ഗതികേട് വ്യക്തമാക്കി കൊണ്ടുള്ള സോഫിയുടെ പോസ്റ്റ് വളരെ വേഗത്തിൽ തന്നെ ജനശ്രദ്ധ ആകർഷിച്ചു.

15 ദശലക്ഷത്തിൽ പരം ആളുകളാണ് ഇതിനോടകം സോഫിയുടെ ട്വീറ്റ് കണ്ടത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്കും കുട്ടികളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല എന്ന് സോഫി മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ രീതിയിൽ ഇരട്ടകളെ തിരിച്ചറിയാനാവാതെ വിഷമിച്ച ധാരാളം മാതാപിതാക്കളാണ് പോസ്റ്റിന് പ്രതികരണങ്ങൾ അറിയിച്ച് രംഗത്തെത്തിയത്. കുഞ്ഞുങ്ങളെ തിരിച്ചറിയാനായി രണ്ടുപേരുടെയും കാലുകളിൽ വ്യത്യസ്ത നിറങ്ങളിലുള്ള നെയിൽ പോളീഷുകൾ നൽകിയവരും കാതുകുത്തി വ്യത്യസ്ത നിറങ്ങളിലുള്ള കമ്മലുകൾ അണിയിച്ചവരും എല്ലാം ഈ കൂട്ടത്തിൽ പെടും.

അതേപോലെ ചെറുപ്പകാലത്ത് മാതാപിതാക്കൾക്ക് തങ്ങളെ മാറി പോയിരുന്നതായി വ്യക്തമാക്കി ധാരാളം ഇരട്ടകളും പ്രതികരിച്ചിട്ടുണ്ട്. കാഴ്ചയിൽ ഒരേ പോലെ ഇരിക്കുന്ന തങ്ങൾക്ക് മാതാപിതാക്കൾ പേര് നൽകിയതിനു ശേഷം മാറി വിളിച്ചിട്ടുണ്ടാവുമോ എന്നാണ് ചിലരുടെ സംശയം.

Advertisement