കമഴ്ന്നു വീഴാൻ ശ്രമിക്കുന്നതിനിടെ യുകെയിൽ മലയാളി ബാലനു ദാരുണാന്ത്യം

Advertisement

ലണ്ടൻ: ബ്രിട്ടനിലെ മലയാളി സമൂഹത്തെയാകെ ദുഖത്തിലാഴ്ത്തി മാഞ്ചസ്റ്ററിൽ മൂന്നര മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ദാരുണ മരണം. കമഴ്ന്നു വീഴാൻ ശ്രമിക്കുന്നതിനിടെ കിടക്കയിൽ മുഖം അമർന്നു ശ്വാസം മുട്ടിയാണു മരണമെന്നാണു റിപ്പോർട്ട്.

ഇന്നലെ ഉച്ചയോടെയാണ് ഈ ദുരന്തവാർത്ത മലയാളി ഗ്രൂപ്പുകളിൽ എത്തിയത്. കുടുംബത്തിലേക്ക് മൂത്ത രണ്ടു പെൺകുട്ടികളോടൊപ്പം ഒരുപാട് സന്തോഷങ്ങളുമായെത്തിയ പിഞ്ചോമനയുടെ വേർപാട് ഉൾക്കൊള്ളാനാകാതെ ഉള്ളുലഞ്ഞു കരയുന്ന യുവദമ്പതികളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയാണ് സുഹൃത്തുക്കൾ. കോട്ടയം ജില്ലയിലെ രാമപുരം സ്വദേശികളായ ജിബിൻ-ജിനു ദമ്പതികളുടെ മകൻ ജെയ്ഡനാണു മൂന്നര മാസം മാത്രം പ്രായമായപ്പോഴേ മാലാഖമാരുടെ ലോകത്തേക്കു യാത്രയായത്. മാഞ്ചസ്റ്ററിലെ റോച്ച്ഡെയ്‍ലിലാണ് ഇവർ താമസിക്കുന്നത്. റോയൽ ഓൾഡ്ഹാം ആശുപത്രിയിലെ നഴ്സാണ് ജിനു.
അപകടവിവരം അറിഞ്ഞയുടൻ ആംബുലൻസ് സംഘം എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രിസ്റ്റണിലെ മലയാളികളായ ജോജിയുടെയും സിനിയുടെയും രണ്ടുവയസുള്ള ഏകമകൻ ജോനാഥൻ ജോജിയുടെ മരണവാർത്തയുടെ ഞെട്ടലിലിൽനിന്നും മലയാളി സമൂഹം മോചിതരാകുന്നതിനു മുമ്പേയാണ് ഇപ്പോൾ മാഞ്ചസ്റ്ററിൽ നിന്ന് മറ്റൊരു പിഞ്ചോമനയുടെ വേർപാടുകൂടി വേദനയാകുന്നത്. പനി ബാധിച്ച് ചികിൽസയിലിരിക്കെയായിരുന്നു കഴിഞ്ഞ ഞായറാഴ്ച ജോനാഥന്റെ മരണം.

Advertisement