മോഡലിനെ കൊന്ന് ശരീരഭാഗം ഫ്രിഡ്ജിൽ സൂക്ഷിച്ചു; മൂന്നുപേർ അറസ്റ്റിൽ

ഹോ​ങ്കോങ്: ഹോങ്കോംഗില്‍ മോഡലിനെ കൊലപ്പെടുത്തി മൃതദേഹഭാഗം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മോഡലും യൂട്യൂബറുമായ ആബി ചോയി(28) എന്ന പെണ്‍കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കമാണ് കൊലപാതക കാരണമെന്ന് പോലീസ് അറിയിച്ചു.

മോഡലിന്റെ കാലുകൾ ഫ്രിഡ്ജിൽ നിന്ന് കണ്ടെടുത്തതായി ഹോങ്കോങ് പൊലീസ് അറിയിച്ചു. ഹോങ്കോങ്ങിലെ ഉൾപ്രദേശത്തെ വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹ ഭാഗം. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് മോഡലായ ആബി ചോയിയുടെ ശരീരഭാഗങ്ങൾ പൊലീസ് കണ്ടെടുത്തത്. ശിരസ്സ്, കൈകൾ, ഉടൽ എന്നിവ ഇനിയും കണ്ടെത്താനുണ്ട്. സംഭവ സ്ഥലത്തു നിന്ന് മൃതദേഹം മുറിക്കാനുപയോഗിച്ച ഇലക്ട്രിക് വാൾ, മാംസം മുറിക്കാനുപയോഗിക്കുന്ന കട്ടർ എന്നിവ കണ്ടെടുത്തിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിയെ കാണാതായത്. മോഡലും അവരുടെ മുന്‍ ഭര്‍ത്താവിന്റെ കുടുംബവും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇവർ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തിയാണ് കൊലപാതകത്തിൽ കലാശിച്ചത്. മുന്‍ ഭര്‍ത്താവിന്റെ പിതാവ് വാടകയ്ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജില്‍ നിന്നാണ് യുവതിയുടെ രണ്ട് കാലുകളും തിരിച്ചറിയല്‍ കാര്‍ഡും ക്രെഡിറ്റ് കാര്‍ഡുകളും കണ്ടെത്തിയത്.

Advertisement