നമ്മളിപ്പോള്‍ പാപ്പരായ ഒരു രാജ്യത്തിലെ പൗരന്മാരെന്ന് പാക് പ്രതിരോധമന്ത്രി,സമാനതയില്ലാതെ പതനത്തിലൂടെ പാക് ജനത

Advertisement

ഇസ്ലാമാബാദ്: നമ്മളിപ്പോള്‍ പാപ്പരായ ഒരു രാജ്യത്തിലെ പൗരന്മാരാണ്. അതുകൊണ്ട് ജനങ്ങള്‍ സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കാന്‍ പരിശ്രമിക്കണം,പാപ്പരാണ് പാക്കിസ്ഥാനെന്ന് തുറന്ന് പറഞ്ഞ് പാക് പ്രതിരോധ മന്ത്രി. ചരിത്രം കണ്ട ഏറ്റവും വലിയ സാമ്ബത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുകയാണ് പാകിസ്താന്‍.

അവശ്യ വസ്തുക്കള്‍ എല്ലാത്തിനും വില കുത്തനെ ഉയര്‍ന്നതോടെ രാജ്യത്ത് സാധാരണക്കാരന്റെ ജീവിതം ഏറെ ദുസ്സഹമായി. ഓരോ ദിവസവും മറികടക്കാന്‍ പാടുപെടുന്ന പാക് ജനതയുടെ മുഖത്തടിച്ചതിന് തുല്യമായ പ്രസ്താവനയാണ് ഇപ്പോള്‍ രാജ്യത്തെ പ്രതിരോധ മന്ത്രി നല്‍കിയിരിക്കുന്നത്.

കടുത്ത പ്രതിസന്ധിയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും പാകിസ്താന്‍ പാപ്പരായി കഴിഞ്ഞുവെന്നും രാജ്യത്തെ പ്രതിരോധമന്ത്രിയും പിഎംഎല്‍-എന്‍ നേതാവുമായ ഖ്വാജ ആസിഫ് പ്രതികരിച്ചു. സിയാല്‍കോട്ടിലെ സ്വകാര്യ കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഭിസംബോധന ചെയ്യവെയാണ് മന്ത്രിയുടെ പരാമര്‍ശം.

പാകിസ്താന് സാമ്ബത്തിക തകര്‍ച്ച സംഭവിച്ചുവെന്ന് നിങ്ങള്‍ കേട്ടുകാണും. അത് ശരിയാണ്. നമ്മളിപ്പോള്‍ പാപ്പരായ ഒരു രാജ്യത്തിലെ പൗരന്മാരാണ്. അതുകൊണ്ട് ജനങ്ങള്‍ സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കാന്‍ പരിശ്രമിക്കണമെന്നും ഖ്വാജ ആസിഫ് പറഞ്ഞു. നാണയപ്പെരുപ്പം അതിന്റെ ഉന്നതിയിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ സുപ്രധാന പ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശമുണ്ടായത്.

രാജ്യത്ത് വെള്ളത്തിനും ബ്രഡിനും പോലും റെക്കോര്‍ഡ് വില രേഖപ്പെടുത്തി കഴിഞ്ഞുവെന്നതാണ് നിലവിലെ സാഹചര്യം. ഒരു ലിറ്റര്‍ പാലിന് 250 രൂപയാണ് പാക് ജനത കൊടുക്കേണ്ടി വരുന്നത്. ഇസ്ലാമാബാദിലെ ജനങ്ങളുടെ ദൈനംദിന ആഹാരമായ ചിക്കനും റെക്കോര്‍ഡ് വിലയാണ്. ഒരു കിലോ ചിക്കന്‍ കിട്ടണമെങ്കില്‍ 780 രൂപയാണ് ജനങ്ങള്‍ മുടക്കേണ്ടത്. ഇതിനിടെ സ്വയം പാപ്പരത്വം പ്രഖ്യാപിച്ച പ്രതിരോധമന്ത്രി, രാജ്യത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം ഇമ്രാന്‍ ഖാന്‍ നയിച്ചിരുന്ന മുന്‍ സര്‍ക്കാരാണെന്നും കുറ്റപ്പെടുത്തി.

രാജ്യത്ത് ഭീകരവാദം തഴച്ചുവളരാന്‍ അനുവദിച്ചത് പിടിഐ നേതൃത്വം നല്‍കിയ ഇമ്രാന്‍ സര്‍ക്കാരാണ്. ഭരണം കയ്യാളിയിരുന്നപ്പോള്‍ ഇമ്രാന്‍ ഖാന്‍ നടത്തിയിരുന്ന കളികളുടെ ഫലമാണ് പാകിസ്താന്റെ ഇന്നത്തെ വിധി. രാജ്യം ഇന്നനുഭവിക്കുന്ന ഭീകരതയാണ് ആ വിധിയെന്ന് ഖ്വാജ ആസിഫ് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

രാജ്യം പാപ്പരായി കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചുവെങ്കിലും അതിനുള്ള പരിഹാരം പാകിസ്താന് അകത്ത് തന്നെയുണ്ടെന്നാണ് ആസിഫിന്റെ വാദം. എന്നിട്ടും സഹായത്തിനായി അന്താരാഷ്ട്ര നാണയ നിധിയെ സമീപിക്കുകയാണെന്നും പ്രതിരോധമന്ത്രി പഴിച്ചു. ഖ്വാജ ആസിഫ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായതോടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും വൈറലായിരിക്കുകയാണ്.

2019ല്‍ പാകിസ്താന് ആറ് ബില്യണ്‍ യുഎസ് ഡോളറാണ് ഐഎംഎഫ് സഹായം നല്‍കിയത്. അപ്രതീക്ഷിതമായെത്തിയ പ്രളയം രാജ്യത്ത് വീണ്ടും നാശം വിതച്ചതോടെ 2022ല്‍ 1.1 ബില്യണ്‍ യുഎസ് ഡോളര്‍ സഹായം ഐഎംഎഫ് വീണ്ടും നല്‍കി. എന്നാല്‍ പിന്നീടങ്ങോട്ട് പാകിസ്താനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുകയും സാമ്ബത്തികമായി വളര്‍ച്ച കൈവരിക്കുന്നതില്‍ രാജ്യം പരാജയപ്പെടുകയും ചെയ്തതോടെ ഐഎംഎഫ് സഹായ വിതരണം കഴിഞ്ഞ നവംബറില്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു.

Advertisement