മുൻപ് തുർക്കി അയച്ച ദുരിതാശ്വാസ സാമഗ്രികൾ പാക്കിസ്ഥാൻ സഹായമെന്ന് പറഞ്ഞ് തിരിച്ചയച്ചു’

ഇസ്‌ലാമാബാദ്: ഭൂകമ്പം കനത്ത നാശം വിതച്ച തുർ‌ക്കിയിലേക്ക് പാക്കിസ്ഥാൻ അയച്ച ദുരിത്വാശാസ സാമഗ്രികളുമായി ബന്ധപ്പെട്ട് വിവാദം. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി മുൻപ് തുർക്കി പാക്കിസ്ഥാനിലേക്ക് അയച്ച സാമഗ്രികൾ തന്നെയാണ് പാക്കിസ്ഥാൻ ഇപ്പോൾ തിരിച്ചയച്ചതെന്നാണ് ആരോപണം.

കഴിഞ്ഞ വർഷം പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവർക്കായി തുർക്കി അയച്ച ദുരിതാശ്വാസ സാമഗ്രികൾ, ഭൂകമ്പമുണ്ടായതിനു പിന്നാലെ തുർക്കിയിലേക്കുതന്നെ പാക്കിസ്ഥാൻ രൂപം മാറ്റി അയച്ചെന്ന് പാക്ക് മാധ്യമപ്രവർത്തകൻ ഷാഹിദ് മസൂദാണ് വെളിപ്പെടുത്തിയത്.

പാക്കിസ്ഥാനിലെ ജിഎൻഎൻ വാർത്താ ചാനലിലൂടെയാണ് ഷാഹിദിന്റെ വെളിപ്പെടുത്തൽ. ഭൂകമ്പം ബാധിച്ച തുർക്കിയിലേക്ക് സി–130 വിമാനത്തിലാണ് പാക്കിസ്ഥാൻ ദുരിതാശ്വാസ സാമഗ്രികളും രക്ഷാദൗത്യ സംഘത്തെയും അയച്ചത്. തുർക്കി അയച്ച അതേ ദുരിതാശ്വാസ സഹായമാണ് പാക്കിസ്ഥാൻ വീണ്ടും പായ്ക്ക് ചെയ്ത് തിരിച്ചയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഭൂകമ്പ ബാധിത തുർക്കിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യവും നേരിട്ട് വിലയിരുത്തുന്ന സമയത്തു വന്ന ഈ ആരോപണം പാക്കിസ്ഥാന് കനത്ത നാണക്കേടായി. ഈ മാസമാദ്യം തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ 45,000 പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. രണ്ടു ലക്ഷത്തിലധികം കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചു. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നിരിക്കെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

Advertisement