‘ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ പരിശോധിച്ചില്ല’: പെഷാവർ സ്ഫോടനത്തിൽ വീഴ്ച സമ്മതിച്ച് അധികൃതർ

പെഷാവർ: പാക്കിസ്ഥാനിലെ പെഷാവറിൽ മുസ്‌ലിം പള്ളിയിൽ 101 പേരെ കൊലപ്പെടുത്തിയ ചാവേർ ധരിച്ചിരുന്നത് പൊലീസ് യൂണിഫോമെന്ന് സ്ഥിരീകരണം. യൂണിഫോമും ഹെൽമറ്റും ധരിച്ചാണ് ഇയാൾ ആക്രമണം നടന്ന സ്ഥലത്തെത്തിയത്. നൂറുകണക്കിനു പൊലീസുകാർ ഇതേ സമയത്ത് ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്കായി എത്തിയിരുന്നു.

സുരക്ഷാ ചുമതലയിലുള്ളവർ പൊലീസ് വേഷത്തിൽ വന്ന ഇയാളെ പരിശോധിച്ചില്ലെന്ന് ഖൈബർ പഖ്തുൻഖ്വ പ്രവിശ്യ പൊലീസ് മേധാവി മൊസ്സാം ഝാ അൻസാരി പറഞ്ഞു. ഇതു സുരക്ഷാ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തിൽ പൊട്ടിത്തെറിച്ച ചാവേറിന്റെ ശിരസ്സ് കണ്ടെത്തിയിരുന്നു. ഇതുവച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാൾ പൊലീസ് യൂണിഫോം ധരിച്ചാണ് പള്ളിക്കുള്ളിൽ പ്രവേശിച്ചതെന്നു സ്ഥിരീകരിച്ചത്.

പ്രാദേശിക സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്ന മേഖലയാണിത്. രഹസ്യാന്വേഷണ, ഭീകരവിരുദ്ധ ഏജൻസികളുടെ ബ്യൂറോകൾ ഇവിടെ അടുത്തുണ്ട്. ഇത്രയും തന്ത്രപ്രധാനമായ മേഖലയിൽ സുരക്ഷാ വീഴ്ചയുണ്ടായത് എങ്ങനെയെന്ന് അധികൃതർ പരിശോധിക്കുകയാണ്.

Advertisement