ആരാധകന്‍റെ ഹൃദയവലയില്‍ പാഞ്ഞുകയറിയ പേര്

Advertisement

ഫുട്ബോളിന്‍റെ മാത്രമല്ല കായിക ലോകത്തിന്‍റെ തന്നെ എക്കാലത്തേയും മാന്ത്രികതാരം മൂന്നു ലോകകപ്പുകൾ നേടിയ ഒരേയൊരു താരം ഗോളെണ്ണത്തിലും കളി നൃത്തമാക്കുന്ന ശൈലീവിലാസത്തിലും പെലെയെ മറികടക്കുന്ന ആരും മുൻപോ ശേഷമോ ഉണ്ടായിട്ടില്ല.

നേര്‍വഴിവിട്ടുവരുന്ന പന്ത്, അത് ഇടനെഞ്ചിലേറ്റുവാങ്ങി നിമിഷാര്‍ധം കൊണ്ട് വലംകാലിലേക്ക് ആവാഹിച്ച് ഇടിമിന്നല്‍പോലെ വലയിലെത്തിക്കുക. കാഴ്ചക്കാരും സഹ കളിക്കാരും തരിച്ചിരിക്കുന്ന ഈ മാന്ത്രികതയെ ആണ് ലോകം പെലേ മാജിക് എന്നു വിളിച്ചത്. കാൽ ഇടത്തും വലത്തും ഒരു പോലെ വഴങ്ങുമെങ്കിലും പന്ത് എന്നും നെഞ്ചിലേറ്റു വാങ്ങിയാണ് പേലേക്കു ശീലം.

പ്രതിരോധക്കാരുടെ എണ്ണം പെലെക്ക് പ്രശ്നമായിരുന്നില്ല. വളഞ്ഞു നിന്നവരെ വെട്ടിച്ചുപോകുന്നതിലായിരുന്നു പെലെയുടെ സാഹസികത. അതുകൊണ്ടാണല്ലോ 1363 മൽസരങ്ങളിലായി 1297 ഗോളുകൾ പിറന്നത്. കളിക്കൊരു ഗോളിന് തൊട്ടടത്തുവരുന്ന ശരാശരി.

എഡ്‍സൺ ആരാന്‍റസ് ഡൊ നസിമെന്‍റോ എന്നാണ് ശരിപ്പേര്, തോമസ് എഡിസൺന്‍റെ പേരാണ് മകന് ഫുട്ബോൾ കളിക്കാരാനായ പിതാവ് ഡോണ്ടിഞ്ഞോ നസിമെന്‍റെ നൽകിയത്. അതു പെലെ ആയി മാറിയത് ഒരു നാവു പിഴയിൽ നിന്നാണ്. വാസ്കോ ക്ളബിലെ ഗോളി ബിലെയുടെ പേര് എഡ്സൺ പറയുമ്പോഴെല്ലാം പെലെ എന്നാകും. കൂട്ടുകാർ അങ്ങനെ ഇരട്ടപ്പേരായി വിളിച്ചു തുടങ്ങിയതാണ്. കാൽപ്പന്തിനൊപ്പം വീണുകിട്ടിയ ആ വിളിപ്പേരും നെഞ്ചിലേറ്റി എഡ്സൺ പെലേയായി. പതിനഞ്ചാം വയസ്സിൽ സാന്‍റോസിൽ ആരംഭിച്ച കുതിപ്പ് ഇതിഹാസമായി ലോകം നെഞ്ചിലേറ്റുവാങ്ങി ഫുട്ബോളിന്‍റെ തുടിപ്പായി അത് കാത്തുവയ്ക്കപ്പെട്ടു.

1957 ജൂലൈ ഏഴിന് പതിനാറാം വയസ്സിൽ ആദ്യമായി ബ്രസീലിനായി ബൂട്ടുകെട്ടിയിറങ്ങി. ആദ്യ കളിയിൽ തന്നെ അർജന്‍റീനയ്ക്കെതിരേ ഗോൾ. പെലെയുടെ ആ ദേശീയ റെക്കോർ് ഇന്നും തിരുത്തപ്പെട്ടിട്ടില്ല. 1958ൽ പതിനേഴാം വയസ്സിൽ ലോകകപ്പ് ഫൈനൽ കളിച്ചു നേടിയ താരം. ആ റെക്കോഡും ഇന്നും ഇളകാതെ നിൽക്കുന്നു.

ഇരുപത്തിയൊന്നാം വയസ്സിൽ 1962 ലെ ലോകകപ്പ് ആയപ്പോഴേക്ക് ലോകത്ത് ഏറ്റവും പ്രതിഫലം ലഭിക്കുന്ന കായികതാരമായിരുന്നു പെലെ. രണ്ടാം വട്ടവും കിരീടം ചൂടിയ പെലെക്ക് 66 മോശം ലോകകപ്പായിരുന്നു. പരുക്കും മോശം റഫറീയിങ്ങും മൂലം ഇനി ലോകകപ്പിനില്ലെന്നു പ്രഖ്യാപിച്ച പെലെ 1970ൽ രാജ്യത്തിന്‍റെ സമ്മർദ്ദത്തിനു വഴങ്ങി. കളത്തിൽ നിന്നു തിരികെ കയറിയത് കപ്പുമായി തന്നെ ആയിരുന്നു. മൂന്നു ലോകകിരീടം നേടുന്ന ഒരേയൊരു താരം.

പെലെ എന്ന നാമം ഫുട്ബോള്‍ ലോകത്തിനായി കാത്തുവച്ച ഹൃദയത്തുടിപ്പാണ്. കാലിലൂടെ വളഞ്ഞുവരുന്ന പന്ത് നെഞ്ചിലേറ്റുവാങ്ങി മാന്ത്രിക ഭംഗിയില്‍ കാലിലൂടെ ഗോള്‍വലയിലേക്ക് വിടുന്ന ഇന്ദ്രജാലക്കാരന്‍, അത് ലോകമുള്ള കാലം ഫുട്ബോള്‍ ആരാധകന്‍റെ ഹൃദയവലയില്‍ കുടുങ്ങിക്കിടക്കും.

Advertisement