ജയിലിലായ സ്ത്രീകളെ ശാരീരിക–ലൈംഗിക പീഡനത്തിനിരയാക്കുന്നു; മനുഷ്യാവകാശ പ്രവർത്തകയുടെ കത്ത്

Advertisement

ടെഹ്റാൻ: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ഇറാനിൽ ജയിലിലടയ്ക്കപ്പെട്ട സ്ത്രീകൾ ക്രൂരമായ ശാരീരിക–ലൈംഗിക പീഡനത്തിന് ഇരകളാകുന്നതായി വെളിപ്പെടുത്തൽ. സ്ത്രീ അവകാശ സംരക്ഷകയും ഡിഫന്റേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്റർ ഡയറക്ടറുമായ നർഗീസ് മൊഹമ്മദി ബിബിസിക്ക് അയച്ച കത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. പ്രതിഷേധിച്ച സ്ത്രീകളെ അറസ്റ്റ് ചെയ്ത് വിവിധ ജയിലുകളിലേക്കു മാറ്റുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഇവരെ ശാരീരിക–ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കുന്നതായി കത്തിൽ പറയുന്നു.
22കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്. എവിൻ ജയിലിലേക്കു മാറ്റുന്നതിനിടെ കാറിൽ വച്ച് പ്രമുഖയായ ഒരു ആക്ടിവിസ്റ്റിനെ ശാരീരിക പീഡനത്തിന് ഇരയാക്കി. ജയിൽ അധികൃതർ ഇവരെ ലൈംഗികമായി പീഡിപ്പിച്ചു. അവരുടെ ശരീരത്തിൽ പീഡനത്തിനിരയായതിന്റെ മുറിവുകളും പാടുകളും അവരുടെ ശരീരത്തിലുണ്ടെന്നും നർഗീസ് കത്തിൽ പറയുന്നു.

മോട്ടർബൈക്കിൽ ജയിലിലേക്കു മാറ്റുന്നതിനിടെ രണ്ടു സുരക്ഷാ ജീവനക്കാർ മറ്റൊരു സ്ത്രീയെെയും ലൈംഗികാതിക്രമത്തിനിരയാക്കി. ഇറാനിലെ വനിതാ അവകാശ പ്രവർത്തകർ, പ്രതിഷേധക്കാർ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ തുടരുകയാണെന്നും അവർ വെളിപ്പെടുത്തി. ഇറാനിലെ ധൈര്യമുള്ള സ്ത്രീകൾ വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് നർഗീസ് കത്ത് അവസാനിപ്പിക്കുന്നത്. ‘ജനാധിപത്യത്തിന്റെ വിജയമാണ് അത്. മനുഷ്യാവകാശവും സമാധാനവും ഇല്ലാതായിരിക്കുന്നു.’– നർഗീസ് വ്യക്തമാക്കി. രാജ്യാന്തര തലത്തിൽ തന്നെ ഇറാനിലെ പ്രതിഷേധങ്ങൾ ശ്രദ്ധനേടിക്കഴിഞ്ഞു. ഇറാന്റെ നടപടിക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.

Advertisement