ദോഹ : ഖലീഫ സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ഇ യിലെ ജർമനി – ജപ്പാൻ പോരാട്ടത്തിൽ ജപ്പാന്, രണ്ടാം പകുതിയിലെ വിസ്മയ പ്രകടനത്തോടെ ഖത്തർ ലോകകപ്പിൽ അട്ടിമറി ജയം. കഴിഞ്ഞ ലോകകപ്പിലെ മോശം പ്രകടനത്തിനു പകരം വീട്ടാനെത്തിയ ജർമനിയെ, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജപ്പാൻ അട്ടിമറിച്ചത്. ഖത്തർ ലോകകപ്പിൽ സൗദി അറേബ്യ അർജന്റീനയെ വീഴ്ത്തിയതിനു പിന്നാലെ, വീണ്ടും മറ്റൊരു വമ്പൻ അട്ടിമറി.
പകരക്കാരായി ഇറങ്ങിയ റിറ്റ്സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്. ജർമനിയുടെ ഗോൾ ആദ്യ പകുതിയുടെ 33–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഇകായ് ഗുണ്ടോകൻ നേടി. പന്തടക്കത്തിലും പാസിങ്ങിലും ജപ്പാനെ അപേക്ഷിച്ച് ബഹുദൂരം മുന്നിൽനിന്ന ജർമനിക്ക്, എതിരാളികളെ നിസാരരായി കണ്ടതാണ് തിരിച്ചടിച്ചതെന്ന് വ്യക്തം. ആദ്യപകുതിയിൽ ജപ്പാൻ തീർത്തും നിറം മങ്ങുക കൂടി ചെയ്തതോടെ, അനായാസ വിജയം അവർ സ്വപ്നം കണ്ടു.
കളിക്കണക്കുകളും കളത്തിൽ ജർനിയുടെ ആധിപത്യത്തിന് അടിവരയിടുന്നു. മത്സരത്തിൽ ഏതാണ്ട് 75 ശതമാനം സമയവും പന്ത് കൈവശം വച്ചത് ജർമനി. അവർ മത്സരത്തിലുടനീളം 772 പാസുകളുമായി മത്സരം നിയന്ത്രിച്ചപ്പോൾ, ജപ്പാന്റെ ആകെ പാസുകൾ 270 മാത്രം.