മദീനയിൽ വൻ സ്വർണനിക്ഷേപം

റിയാദ്: ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ നഗരമായ മദീനയിൽ വൻ ചെമ്പ്, സ്വർണ നിക്ഷേപമെന്ന് സൗദി ജിയോളജിക്കൽ സർവേയുടെ കണ്ടെത്തൽ.

മദീനയിലെ ആബ അൽ റഹയിലാണ് സ്വർണ നിക്ഷേപം കണ്ടെത്തിയത്. അൽ മാദിഖ് പ്രദേശത്തെ നാലിടത്താണ് ചെമ്പ് നിക്ഷേപം. സൗദിയിൽ ഇതുവരെ 5300 ഇടങ്ങളിൽ ധാതുനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.
കണ്ടുപിടിത്തത്തിലൂടെ ലോകത്തിന് നിക്ഷേപത്തിനുള്ള വാതിൽ തുറക്കുകയാണെന്ന് സൗദി ജിയോളജിക്കൽ വകുപ്പ് അറിയിച്ചു. പുതിയ കണ്ടുപിടിത്തം പ്രാദേശിക- അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കാൻ സഹായിക്കുമെന്നും ഖനന മേഖലയിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും ഇതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

533 മില്യൺ ഡോളർ (43,10,02,45,500 രൂപ) നിക്ഷേപമാണ് പുതിയ കണ്ടുപിടിത്തത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. നാലായിരത്തോളം തൊഴിലവസരങ്ങൾ സ‌ൃഷ്ടിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടുന്നു. 5,300റിൽപരം ധാതു കേന്ദ്രങ്ങളാണ് സൗദിയിലുള്ളത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ 2030 വിഷൻ പദ്ധതിപ്രകാരം വികസനം വേണ്ട മേഖലകളിൽ ഒന്നാണ് ഖനനം. ഖനന മേഖലയിലേയ്ക്ക് 32 ബില്ല്യൺ ഡോളറിന്റെ നിക്ഷേപം ആകർഷിക്കുന്നതിനായുള്ള പദ്ധതികൾ വ്യവസായ, ധാതു വിഭവ മന്ത്രാലയം തയ്യാറാക്കിയിരുന്നു.

Advertisement