ഹൂസ്റ്റൻ: ഭർത്താവിനെ 89 തവണ കുത്തികൊലപ്പെടുത്തുകയും, അറസ്റ്റു വാറണ്ടുമായി എത്തിയപ്പോൾ വീടിന് തീയിടുകയും ചെയ്ത ഭാര്യ കുറ്റക്കാരിയല്ലെന്ന് ജഡ്ജി
ആറു ദിവസം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് സെപ്റ്റംബർ 20 ചൊവ്വാഴ്ച 72 കാരിയായ ജാനറ്റ് അലക്സാണ്ടർ കുറ്റക്കാരിയല്ലെന്ന് വിധിച്ചത്. 64 വയസുള്ള ലയണൽ അലക്സാണ്ടറാണ് ഭാര്യയുടെ കത്തിക്ക് ഇരയായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലയണലിന് 89 തവണ കുത്തേറ്റതായി കണ്ടെത്തിയിരുന്നു.

2018 ഏപ്രിൽ 27നായിരുന്നു സംഭവം. ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റം മൂത്തപ്പോൾ ഭർത്താവ് കയ്യിലുണ്ടായിരുന്ന കത്തിയുമായി ഭാര്യക്കു നേരേ തിരിഞ്ഞു. എന്നാൽ ഭർത്താവിന്റെ കയ്യിൽ നിന്നും ഭാര്യ കത്തി പിടിച്ചുവാങ്ങി കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇതിനു മുമ്പും പല തവണ ഈ വീട്ടിലേക്ക് പോലീസ് എത്തിയിരുന്നു. വർഷങ്ങളോളം നീണ്ടു നിന്ന പീഢനമാണ് ഭാര്യയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്.

സംഭവത്തിന് ഒരു വർഷത്തിനുശേഷം ഏപ്രിൽ 2019 ൽ ഇവർക്കെതിരെ അറസ്റ്റു വാറണ്ടുമായി പോലീസ് വീട്ടിലെത്തി. ഈ സമയം ജാനറ്റ് വീടിന് തീവയ്ക്കുകയും സ്വയം തീകൊളുത്തുകയും ചെയ്തു. കാര്യമായ പൊള്ളലേറ്റ ഇവർ ചികിത്സക്കുശേഷം സുഖം പ്രാപിച്ചു.

നീണ്ടു നിന്ന പീഡനത്തെ തുടർന്ന് ഇവർ ക്രൂരകൃത്യം ചെയ്തതെന്നും, അറസ്റ്റ് ഒഴിവാക്കുന്നതിന് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ഇവരെ വെറുതെ വിടുന്നതിന് ജൂറി എടുത്ത തീരുമാനം സ്വാഗതാർഹമാണെന്നും ജാനറ്റിന്റെ അഭിഭാഷകൻ പറഞ്ഞു. 40 വർഷത്തെ ദാമ്പത്യ ജീവിതം നരക തുല്യമായിരുന്നുവെന്നും ഇവരുടെ മക്കളാണ് അമ്മയെ കേസിൽ സഹായിച്ചതെന്നും അറ്റോർണി പറഞ്ഞു. സ്വയം രക്ഷക്കാണ് ഇവർക്ക് ഈ കൃത്യം ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here