ന്യൂയോർക്ക്: മിക്ക കുട്ടികളും രാപകലില്ലാതെ സ്മാർട് ഫോണും ഇന്റർനെറ്റും ഉപയോഗിക്കുന്നവരാണ്. ഉറങ്ങും വരെ ചാറ്റും വിഡിയോ കോളും വിഡിയോ കാണലും മിക്ക കുട്ടികളുടെയും പതിവ് ജിവീത രീതിയായി മാറിയിരിക്കുന്നു.

സമയമോ, സാഹചര്യങ്ങളോ നോക്കാതെ അജ്ഞാതരുമായി ഓൺലൈൻ വഴി ചാറ്റിങ്, വിഡിയോ കോൾ, മറ്റു ഇടപാടുകൾ നടത്തുന്നവരിൽ വലിയൊരു വിഭാഗം പ്രായപൂർത്തിയാകാത്ത കുട്ടികൾ തന്നെയാണ്. ഡേറ്റിങും, സെക്സ്റ്റിങ്ങുമെല്ലാം കുട്ടികൾക്കിടയിൽ വൻ ഭീഷണിയായിട്ടുണ്ട്. കുട്ടികൾ സോഷ്യൽമീഡിയ വഴി തെറ്റാൻ നിരവധി വഴികളുണ്ടെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. പ്രൈമറി സ്‌കൂൾ കുട്ടികൾക്ക് ആഴ്ചയിൽ വേണ്ടത്ര നല്ല ഉറക്കം ലഭിക്കുന്നില്ലെന്നാണ് പുതിയ പഠനം പറയുന്നത്. രാത്രി മുഴുവൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികൾക്ക് വേണ്ടത്ര ഉറങ്ങാൻ സമയം ലഭിക്കുന്നില്ലെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്ത പഠനം വെളിപ്പെടുത്തുന്നു.

10 മുതൽ 11 വയസ് വരെയുള്ള കുട്ടികളെയാണ് പഠനത്തിന്റെ ഭാഗമാക്കിയത്. ഇവരിൽ ഭൂരിഭാഗം പേർക്കും സോഷ്യൽ മീഡിയകളിൽ സ്വന്തമായി അക്കൗണ്ടുണ്ട്, പതിവായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇവരിൽ 89 ശതമാനം പേർക്കും സ്വന്തമായി സ്മാർട് ഫോൺ ഉണ്ടായിരുന്നു. 55.4 ശതമാനം പേർ ടാബ്ലെറ്റ് ഉപയോഗിക്കുന്നതായും 23.2 ശതമാനം പേർ കംപ്യൂട്ടർ ഉപയോഗിക്കുന്നതായും ഒൻപത് ശതമാനം പേർ സ്മാർട് വാച്ച്‌ ഉപയോഗിച്ചതായും പറഞ്ഞു. കൗമാരപ്രായത്തിൽ എത്താത്ത കുട്ടികൾക്ക് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ മിക്കവരും ഫെയ്‌സ്ബുക്, ഇൻസ്റ്റഗ്രാം, ടിക്ടോക്, സ്‌നാപ്ചാറ്റ് ആപ്പുകൾ ഉപയോഗിക്കുന്നു. എട്ട് കുട്ടികളിൽ ഒരാൾ രാത്രി ഉറങ്ങേണ്ട സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം കണ്ടെത്തി.

69 ശതമാനം കുട്ടികളും ദിവസവും നാല് മണിക്കൂറിലധികം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞു. 66.1 ശതമാനം പേർ ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോൾ 12.5 ശതമാനം പേർ അർദ്ധരാത്രിയിൽ ഉറങ്ങേണ്ട സമയത്ത് ഫോൺ ഉപയോഗിക്കുമെന്ന് പറഞ്ഞു. 89 ശതമാനം കുട്ടികളും ഉപയോഗിച്ചിരുന്നത് ടിക് ടോക്കായിരുന്നു. 83.9 ശതമാനം പേർ സ്നാപ്ചാറ്റും 87.5 ശതമാനം പേർ യൂട്യൂബും 57 ശതമാനം കുട്ടികൾ ഇൻസ്റ്റാഗ്രാമിലും 17 ശതമാനം പേർ ഓൺലൈൻ ഫോറമായ റെഡ്ഡിറ്റും ഉപയോഗിക്കുന്നു. കുട്ടികളിൽ രണ്ട് ശതമാനത്തിൽ താഴെ പേർ മാത്രമാണ് ഫെയ്‌സ്ബുക് ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയ അഡിക്ഷൻ കാരണം സ്‌കൂൾ കുട്ടികൾക്ക് ആഴ്ചയിൽ ഒരു രാത്രി മുഴുവൻ ഉറക്കം നഷ്ടപ്പെടുന്നുണ്ട്.

മാതാപിതാക്കൾക്കു പകരം മക്കളെ നോക്കാനിരുത്തുന്നയാളുടെ റോൾ ഇന്റർനെറ്റിനു നൽകുന്ന രീതി ഇന്ന് വ്യാപകമാകുകയാണ്. സാങ്കേതികവിദ്യയെക്കുറിച്ച്‌ കാര്യമായ അവബോധമില്ലാത്ത മാതാപിതാക്കളാണ് ഇതു ചെയ്യുന്നത്. ഇത്തരം രീതികൾ ഇല്ലാതാക്കണമെന്നാണ് മിക്ക വിദഗ്ധരും പറയുന്നത്. കംപ്യൂട്ടറുകളും, ഫോണുകളും, ഐപാഡുകളും സ്വന്തം മുറികളിൽ ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കരുത്. കാരണം ഇന്റർനെറ്റ് അപകടകാരിയാണ്. ചെറിയ കുട്ടികളെ സ്വന്തമായി ഇന്റർനെറ്റിൽ മേയാൻ വിടരുത്. മിക്കവാറും അച്ഛനമ്മമാർക്ക് ടെക്നോളജിയെക്കുറിച്ച്‌ വേണ്ടത്ര അവബോധമില്ല എന്നത് വസ്തുതയാണ്. കുട്ടികളുടെ ‘ശല്യമൊഴിവാക്കാൻ’ അവർക്ക് കംപ്യൂട്ടറോ, ഐപാഡോ, ഫോണോ ഓൺ ചെയ്തു നൽകുന്ന രീതി കൂടുതൽ മാതാപിതാക്കൾ അനുവർത്തിച്ചുവരുന്നു. ഇതു തെറ്റാണ്. കുട്ടികൾ ഒരു ദിവസം എത്ര സമയം സ്‌ക്രീനുകൾക്കു മുന്നിൽ ചെലവിടണം എന്നതിനെപ്പറ്റി ആരോഗ്യ രംഗത്തെ പ്രൊഫഷണലുകളുടെ അഭിപ്രായാമാരായാനാണ് മിക്ക രാജ്യങ്ങളും ഇപ്പോൾ ശ്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here