ഇന്ത്യൻ വിദ്യാർഥിക്ക് 38 ലക്ഷം രൂപ പാരിതോഷികവുമായി ഇൻസ്റ്റഗ്രാം

ന്യൂയോർക്ക്: ഇന്ത്യയിലെ ഒരു വിദ്യാർഥിക്ക് ഇൻസ്റ്റഗ്രാം 38 ലക്ഷം രൂപ സമ്മാനം നൽകിയിരിക്കുകയാണ്. വെറുതെയല്ല, ഇൻസ്റ്റയിലെ വലിയൊരു പിഴവ് കണ്ടെത്തിയതിനാണ് പാരിതോഷികം.

രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ നീരജ് ശർമ ഇൻസ്റ്റ യൂസർമാരെ കാര്യമായി ബാധിക്കുന്ന സുരക്ഷാ പിഴവിനെ കുറിച്ചാണ് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയത്. ലോഗിൻ ചെയ്യാതെ തന്നെ ഏത് അക്കൗണ്ടിൽ നിന്നും ഇൻസ്റ്റഗ്രാം റീലിന്റെ തമ്പ് നെയിലിൽ മാറ്റം വരുത്താൻ കഴിയുമെന്നതാണ് ബഗ്. അക്കൗണ്ട് ഉടമയുടെ പാസ്‌വേഡ് എത്ര ശക്തമാണെങ്കിലും മീഡിയ ഐഡിയുടെ മാത്രം സഹായത്തോടെ അതിൽ മാറ്റം വരുത്താൻ കഴിയുമെന്നാണ് നീരജ് പറയുന്നത്.

”കഴിഞ്ഞ വർഷം ഡിസംബറിൽ, എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചെറിയൊരു പന്തികേട് ശ്രദ്ധിക്കാൻ തുടങ്ങി. ഒരുപാട് കഠിനാധ്വാനത്തിന് ശേഷം, ജനുവരി 31ന് രാവിലെ, ഇൻസ്റ്റാഗ്രാമിന്റെ ആ പിഴവ് (ബഗ്) ഞാൻ കണ്ടെത്തുകയും ചെയ്തു.

അതിനെ കുറിച്ച്‌ അന്ന് രാത്രി തന്നെ ഫേസ്ബുക്കിന് ഞാൻ റിപ്പോർട്ട് അയച്ചു. മൂന്ന് ദിവസത്തിന് ശേഷം അവരിൽ നിന്ന് മറുപടിയുമെത്തി. പിഴവ് തെളിയിക്കാൻ ഒരു ഡെമോ പങ്കിടാനാണ് എന്നോട് ആവശ്യപ്പെട്ടത്. ഒരു തമ്പ്നൈലിൽ മാറ്റം വരുത്തി അത് ഞാൻ തെളിയിച്ചു.

മെയ് 11ന് എനിക്കൊരു ഇ-മെയിൽ വന്നു. പിഴവ് അംഗീകരിച്ചുകൊണ്ടുള്ള ആ മെയിലിനൊപ്പം 45,000 ഡോളർ (35 ലക്ഷം രൂപ) പാരിതോഷികവും പ്രഖ്യാപിച്ചു. എന്നാൽ, അത് കൈയ്യിലെത്താൻ നാല് മാസമെടുത്തതിന് ഫേസ്ബുക്ക് 4500 ഡോളർ (3 ലക്ഷം രൂപ) ബോണസും നൽകി”.

Advertisement