മായ ; ലോകത്തിലെ ആദ്യ ആർട്ടിക് ക്ലോൺ ചെന്നായ

Advertisement

ബീജിം​ഗ്: ലോകത്തിലാദ്യമായി ആർട്ടിക് ചെന്നായയെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച്‌ ചൈന. ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനോജീൻ ബയോടെക്നോളജിയാണ് ആർട്ടിക് വൂൾഫിനെ വിജയകരമായി ക്ലോൺ ചെയ്തത്.

മായ എന്നാണ് ഈ ആർട്ടിക് വൂൾഫിന് പേര് നൽകിയിരിക്കുന്നത്. ബീജിങ്ങിലെ ലാബിൽ ജനിച്ച മായയുടെ വീഡിയോയും ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്. ജനിച്ച്‌ 100 ദിവസം പിന്നിട്ട ശേഷമാണ് മായയുടെ വീഡിയോ ലാബ് അധികൃതർ പുറത്ത് വിട്ടത്.

മായയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തത്. വൈൽഡ് ഫീമെയിൽ ആർട്ടിക് വൂൾഫിൽ നിന്നാണ് മായയുടെ ഡോണർ സാമ്പിൾ ലഭിച്ചത്. പെൺ നായ ബീഗിളിന്റെ അണ്ഡാശയമാണ് ഉപയോഗിച്ചത്. 80ലധികം ഭ്രൂണങ്ങളാണ് ക്ലോണിങ്ങിനായി മാറ്റപ്പെട്ടത്. ഇതിൽ ഒന്നിൽ നിന്നാണ് മായയുടെ ജനനം.

നായകളും ചെന്നായകളും തമ്മിൽ ജനിതക പാരമ്പര്യം ഉള്ളതിനാലും, ക്ലോണിങ് വിജയിക്കാൻ സാധ്യത ഉള്ളതിനാലുമാണ് ചെന്നായക്ക് പകരം നായയെ ഉപയോഗിച്ചതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ബീഗിളിനൊപ്പമാണ് നിലവിൽ മായയെ പാർപ്പിച്ചിരിക്കുന്നത്. കുറച്ചു നാളുകൾക്കുള്ളിൽ തന്നെ മായയെ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുമെന്നും റിപ്പോർട്ട് പറയുന്നു. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളിൽ ക്ലോണിങ് വളരെ ഫലപ്രദമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

Advertisement