സാമ്പത്തിക സ്ഥിതിയും സോഷ്യൽ മീഡിയ ആസക്തിയും തമ്മിലുള്ള ബന്ധം ഇങ്ങനെ


ന്യൂയോർക്ക്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കൗമാരക്കാർക്ക് ഫേസ്ബുക്ക് (facebook), ഇൻസ്റ്റഗ്രാം, വാട്ട്‌സ്‌ആപ്പ് (whats app) തുടങ്ങിയ സമൂഹ മാധ്യമങ്ങളോട് ആസക്തി കൂടുതലാണെന്ന് ഗവേഷണ റിപ്പോർട്ട്.
സാമ്പത്തിക അസമത്വവും സോഷ്യൽ മീഡിയ ഉപയോഗവും തമ്മിൽ ബന്ധമുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ വിഷയത്തിൽ നടക്കുന്ന ആദ്യത്തെ പഠനമാണിത്. സഹപാഠികൾക്കിടയിൽ സാമൂഹിക- സാമ്പത്തിക അന്തരം വളരെയധികം നിലനിൽക്കുന്ന സ്‌കൂളുകളിൽ ഈ പ്രശ്‌നം ഗുരുതരമായി കാണപ്പെടുന്നുണ്ട്.

40 രാജ്യങ്ങളിൽ നിന്നുള്ള 179,000 കുട്ടികളിലാണ് പഠനം നടത്തിയത്. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗത്തിന് തടയിടാനാവശ്യമായ നയങ്ങൾ അത്യാവശ്യമായി രൂപീകരിക്കണമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്.

സോഷ്യൽ മീഡിയ ഉപയോഗം മൂലമുണ്ടാകുന്ന ചെറുപ്പക്കാരിലെ അസാധാരണമായ പെരുമാറ്റം കുറയ്ക്കാൻ പുതിയ നയങ്ങൾക്ക് സാധിക്കും. ഫോണിൽ ഏറെ സമയം ചെലവഴിയ്ക്കുന്നതും അത് കുറയ്ക്കാൻ സാധിക്കാതെ വരുന്നതും സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച്‌ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും കള്ളം പറയുന്നതുമെല്ലാം മോശം പെരുമാറ്റത്തിന്റെ പരിധിയിൽ വരുന്നതാണെന്നും പഠനം പറയുന്നു.

കുട്ടികൾ നേരിടുന്ന അസമത്വം അവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തെ സ്വാധീനിക്കുന്നുണ്ടെന്ന് ഇറ്റലിയിലെ പാദുവ സർവകലാശാലയിലെ മനഃശാസ്ത്ര വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറായ മിഷേല ലെൻസി വ്യക്തമാക്കി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുന്നതിനായി കൃത്യമായ നയരൂപീകരണം ആവശ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു. സുരക്ഷിതവും സാമൂഹികവുമായ ഓൺലൈൻ ഉപയോഗം പരിപോഷിക്കാൻ ആവശ്യമായ ക്രമീകരണം സ്‌കൂൾ തലത്തിലാണ് വേണ്ടത്.

നിരവധി ചെറുപ്പക്കാർ ദിവസേനെ സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവരാണ്. പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്ന സോഷ്യൽ മീഡിയ ഉപയോഗം ഒരു ആസക്തിയായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും അമിതമായ ഉപയോഗം ഒരു ആരോഗ്യപ്രശ്‌നമായി തന്നെ കണക്കാക്കാവുന്നതാണ്.

സാമൂഹിക-സാമ്പത്തിക അസമത്വം എങ്ങനെ പ്രശ്‌നകരമായ സോഷ്യൽ മീഡിയ ഉപയോഗത്തിന് കാരണമാകുന്നു എന്നാണ് ഈ പഠനം അന്വേഷിക്കുന്നത്. സമപ്രായക്കാരുടെയും കുടുംബത്തിന്റെയും സ്വാധീനവും പഠനത്തിൽ വിലയിരുത്തുന്നുണ്ട്.

യൂറോപ്പിലും കാനഡയിലുമടക്കം 40 രാജ്യങ്ങളിൽ നിന്നുള്ള 11, 13, 15 വയസ് പ്രായമുള്ള 179,049 കുട്ടികളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

സോഷ്യൽ മീഡിയയോടുള്ള കുട്ടികളുടെ ആസക്തി തിരിച്ചറിയാൻ ഒരു ചോദ്യാവലിയ്ക്ക് ഉത്തരങ്ങൾ നൽകാനാണ് ഗവേഷകർ കുട്ടികളോട് ആവശ്യപ്പെട്ടത്. പേരു വിവരങ്ങൾ വെയ്ക്കാതെയാണ് കുട്ടികൾ ഇവ പൂരിപ്പിച്ചത്. സോഷ്യൽ മീഡിയ ഉപയോഗിക്കാത്തപ്പോൾ വിഷമം തോന്നാറുണ്ടോ?, കുറച്ച്‌ സമയം മാത്രം സോഷ്യൽ മീഡിയകളിൽ ചെലവഴിക്കണമെന്ന് തീരുമാനമെടുത്താലും അത് സാധിക്കാതെ വരാറുണ്ടോ?, നെഗറ്റീവ് വികാരങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാറുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് ഗവേഷകർ നൽകിയത്.

വീട്ടിലെ അവസ്ഥകളെ കുറിച്ച്‌ മനസ്സിലാക്കാൻ ചില ചോദ്യങ്ങൾ കൂടി ഇതോടൊപ്പം ഉൾപ്പെടുത്തിയിരുന്നു. കുടുംബത്തിലെ ശുചിമുറികളുടെ എണ്ണം, വിദേശത്ത് അവധി ദിനങ്ങൾ ചെലവഴിച്ചതിനെക്കുറിച്ച്‌ ഒക്കെയായിരുന്നു ചോദ്യങ്ങൾ. ഈ രണ്ട് വിഭാഗം ചോദ്യങ്ങളും താരതമ്യം ചെയ്താണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സോഷ്യൽ മീഡിയ ആസക്തി കൂടുതലാണ് എന്ന കണ്ടെത്തലിൽ ഗവേഷകർ എത്തിയത്.

Advertisement