ഇന്നു മുതൽ മാസ്‌ക്കില്ലാതെ ഖത്തർ

ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ സുപ്രധാനമായ മാസ്ക്ക് ധരിക്കുന്നതിൽ സമ്പൂർണ്ണ ഇളവ് പ്രഖ്യാപിച്ച്‌ ഖത്തർ.കഴിഞ്ഞദിവസം ചേർന്ന പ്രതിവാര മന്ത്രിസഭായോഗമാണ് പൊതുജനആരോഗ്യമന്ത്രാലയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പൊതു സ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കണമെന്ന നിർബന്ധിത നീയമത്തിൽ ഇളവ് പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽത്താനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ്തീരുമാനം. സെപ്തംബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തിലാകും. ആരോഗ്യ കേന്ദ്രങ്ങൾ, പൊതുഗതാഗതം സംവിധാനങ്ങൾ, അടച്ചിട്ട സ്ഥലങ്ങൾ, ഉപഭോക്താക്കളുമായി ആശയവിനിമയം നിർവഹിക്കുന്നവർ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർ തൊഴിൽ സമയത്ത് മാസ്‌ക് ധരിച്ചിരിക്കണം.

കോവിഡ് കേസുകളിൽ കുറവുണ്ടായതോടെയാണ് വീണ്ടും മാസ്‌ക് ഒഴിവാക്കാൻ തീരുമാനമെടുത്തത്. നേരത്തെ മെയ് 18നാണ് ആദ്യം മാസ്‌ക് ഒഴിവാക്കാൻ തീരുമാനിച്ചത്. എന്നാൽ പിന്നീട് കോവിഡ് കേസുകളിൽ വർധനവുണ്ടായതോടെ ജൂലൈ മാസത്തോടെ മാസ്‌ക് വീണ്ടും നിർബന്ധമാക്കുകയായിരുന്നു.പുതിയ ഇളവുകൾ പ്രകാരം സ്കൂളുകളിൽ മാസ്ക്ക് ധരിക്കേണ്ടതില്ല.

Advertisement