അമേരിക്കയിൽ ഇന്ത്യൻ വനിതകൾക്കുനേരെ വംശീയാധിക്ഷേപവും കൈയേറ്റവും; യുവതി അറസ്റ്റിൽ
ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ വനിതകളെ വംശീയമായി അധ‍ിക്ഷേപിച്ച യുവതിയെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്സസ് സ്വദേശിനി എസ്മെറാൾഡ അപ്ടണാണ് പിടിയിലായത്.

ടെക്സസിലെ ഡളാസിൽ പാർക്കിങ് കേന്ദ്രത്തിൽ വെച്ച് നാലു ഇന്ത്യൻ വനിതകളെ യുവതി കൈയേറ്റം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഞാൻ ഇന്ത്യക്കാരെ വെറുക്കുന്നുവെന്നും മെച്ചപ്പെട്ട ജീവിതം തേടിയാണ് ഈ ഇന്ത്യക്കാരെല്ലാം അമേരിക്കയിലേക്ക് വരുന്നതെന്നും യുവതി വിഡിയോയിൽ രോഷത്തോടെ പറയുന്നുണ്ട്.

താൻ ജനിച്ചത് അമേരിക്കയിലാണെന്ന് പറഞ്ഞ് യുവതി ഇന്ത്യൻ സംഘത്തെ കൈയേറ്റം ചെയ്യുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഞാൻ പോകുന്നിടത്തെല്ലാം ഇന്ത്യക്കാരാണ്. ഇന്ത്യയിൽ ജീവിതം വളരെ മികച്ചതാണെങ്കിൽ എന്തിനാണ് ഇവിടേക്ക് വന്നതെന്നും യുവതി ചോദിക്കുന്നുണ്ട്.

അതിക്രമത്തിന് ഇരയായ വനിതകളിൽ ഒരാളുടെ മകനാണ് ഇതിൻറെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഡളാസിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയാണ് മാതാവിനും മൂന്നു സുഹൃത്തുക്കൾക്കും അധിക്ഷേപം നേരിടേണ്ടി വന്നതെന്നും പോസ്റ്റിൽ പറയുന്നു. പ്ലാനോ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.