ബൈഡന്‍ ഭരണകൂടത്തില്‍ ഉന്നതപദവി വഹിക്കുന്നത് 130 ഇന്ത്യന്‍ വംശജര്‍

Advertisement

വാഷിങ്ടണ്‍: അമേരിക്കയില്‍ ജോ ബൈഡന്‍ പ്രസിഡന്റായതോടെ സുപ്രധാന പദവിയിലേക്ക് നിയമിച്ചത് 130 ഓളം ഇന്ത്യക്കാരെ. ഡോണള്‍ഡ് ട്രംപിന്റെ കാലത്ത് 80 ഇന്ത്യന്‍ വംശജരെയാണ് ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചത്.

എട്ടുവര്‍ഷം ഭരിച്ച മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഇത് 60 ആയിരുന്നു. നാല് യു.എസ് ​ജനപ്രതിനിധി സഭ അംഗങ്ങളടക്കം 40 ലേറെ ഇന്ത്യക്കാരാണ് വിവിധ സംസ്ഥാന-ഫെഡറല്‍ തലത്തിലേക്ക് നിയമിക്കപ്പെട്ടത്.

യു.എസിലെ മുഖ്യധാരയിലുള്ള കമ്പനികളിലെ ഉന്നത പദവികളില്‍ 20ലേറെ ഇന്ത്യന്‍ വംശജരാണുള്ളത്. തന്റെ ഭരണകൂടത്തിലെ ഏതാണ്ട് എല്ലാ വകുപ്പുകളിലും ഏജന്‍സികളിലും ഇന്ത്യന്‍ വംശജരെ നിയമിക്കാന്‍ ബൈഡന്‍ കാണിച്ച ശ്രദ്ധയും എടുത്തുപറയേണ്ടതുണ്ട്. സെനറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട കാലം മുതല്‍ യു.എസിലെ ഇന്ത്യന്‍ സമൂഹവുമായി നല്ല ബന്ധം തുടരുകയാണ് ബൈഡന്‍. 2020ല്‍പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ വംശജ കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തും ബൈഡന്‍ ചരിത്രം കുറിച്ചു.

പ്രമീള ജയപാല്‍, രാജ കൃഷ്ണമൂര്‍ത്തി, രോ ഖന്ന, ഡോ. അമി ബേറ എന്നീ ഇന്ത്യന്‍ വംശജര്‍ ജനപ്രതിനിധി സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. യു.എസിലെ മുന്‍ നിര ടെക് കമ്പനികളായ ഗൂഗ്ളിന്റെയും മൈക്രോസോഫ്റ്റിന്റെയും തലപ്പത്തും രണ്ട് ഇന്ത്യന്‍ വംശജരാണ്. അതായത് സുന്ദര്‍ പിച്ചെയാണ് ഗൂഗ്ളിന്റെ അമരക്കാരന്‍. സത്യ നദല്ല, മൈക്രോസോഫ്റ്റിന്റെ തലവനും. ഇതു പോലെ 24ഓളം ഇന്ത്യന്‍ വംശജരാണ് യു.എസിലെ വിവിധ ഉന്നത കമ്പനികളുടെ നേതൃസ്ഥാനത്തിരിക്കുന്നത്. ശന്തനു നാരായണ്‍(അഡോബ്), വിവേക് ലാല്‍(ജനറല്‍ അറ്റോമിക്സ്), പുനിത് രെഞ്ജന്‍(ഡെളോയ്റ്റ്), രാജ് സുബ്രഹ്മണ്യന്‍(ഫെഡ്‌എക്സ്) എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും.

Advertisement