പ്രായത്തിന്റെ ശരീരിക ബുദ്ധിമുട്ടുകളില്‍ സ്വയം തകര്‍ന്ന് പോകുന്നവരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ തളർന്നിരിക്കുന്നവർക്ക് എന്നും പ്രചോദനമാണ് 282 പര്‍വതങ്ങള്‍ കീഴടക്കിയ 82 വയസുകാരൻ നിക്ക് ഗാർഡ്ണർ.
യുകെയില്‍ നിന്നാണ് 82കാരനായ നിക്ക് ഗാർഡ്ണറുടെ വരവ്. പ്രായം തളർത്താത്ത മനോവീര്യവുമായി നിക്ക് ഗാർഡ്ണര്‍ നടന്നു കീഴടക്കിയത് സ്‌കോർട്‌ലാൻഡിലെ 282 പർവതങ്ങളാണ്. 2020 ജൂലൈയിലാണ് നിക്ക് ഗാർഡ്നർ ഈ വെല്ലുവിളി ഏറ്റെടുത്തത്. എന്നാല്‍ ഇതിനിടയിൽ കൊറോണ വൈറസ് വ്യാപനം മൂലം അദ്ദേഹത്തിന് ആഗ്രഹം പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷമെടുക്കേണ്ടി വന്നു.
ഇതിനിടയിലാണ് ഭാര്യക്ക് അൽഷിമേഴ്സ് രോഗം ബാധിച്ചത്. ആദ്യം തകർന്നുപോയെങ്കിലും തോറ്റ് കൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. തന്റെ പ്രശ്‌നങ്ങളിൽ നിന്ന് ഒന്ന് മാറി നിൽക്കുക എന്നതിനോടൊപ്പം രോഗിയായ ഭാര്യക്ക് തന്റെ യാത്രയിലൂടെ സന്തോഷവും അഭിമാനവും കിട്ടുമെന്നതും ഈ യാത്രയുടെ ലക്ഷ്യങ്ങളായിരുന്നെന്ന് അദ്ദേഹം പറയുന്നു.
അങ്ങനെ മലകയറ്റത്തോടൊപ്പം തന്നെ സ്‌കോർട്‌ലാൻഡിലെ അൽഷിമേഴ്സ് രോഗികള്‍ക്കായുള്ള അൽഷിമേഴ്സ് സ്‌കോർട്‌ലാൻഡ്, റോയൽ ഓസ്റ്റിയോപൊറോസിസ് സൊസൈറ്റിക്കും വേണ്ടിയും ഫണ്ട് സ്വരൂപിക്കാനും അദ്ദേഹം ലക്ഷ്യമിട്ടു. യാത്രയിലൂടെ ഇതിനോടകം തന്നെ നല്ലൊരു തുക അദ്ദേഹം സ്വരൂപിക്കുകയും ചെയ്തിട്ടുണ്ട്. അൽഷിമേഴ്സും ഓസ്റ്റിയോപൊറോസിസും ബാധിച്ച ഭാര്യ ജാനറ്റിനെ നിലവില്‍ കെയർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് സ്‌കോട്ട്ലൻഡിലെ 3,000 അടിയിലധികം ഉയരമുള്ള പർവതങ്ങളായ മൺറോസിൽ നിക്ക് എത്തിയത്. ഡെവൺ, കോൺവാൾ തീരദേശ പാതയാണ് അദ്ദേഹത്തിന്റെ അടുത്ത ലക്‌ഷ്യം.