ന്യൂയോർക്ക്: ആഗസ്ത് 20,ലോക കൊതുക് ദിനം.1897 ആഗസ്ത് 20നാണ് മലേറിയ പരത്തുന്ന പ്ലാസ്‌മോഡിയം എന്ന രോഗാണു കൊതുകിലൂടെയാണ് മനുഷ്യരിലെത്തുന്നതെന്ന് കണ്ടെത്തിയത്.

ഇന്ത്യയിൽ സേവനം ചെയ്തിരുന്ന ബ്രിട്ടീഷ് ഡോക്ടറായ സർ റൊണാൾഡ് റോസാണ് ഈ കണ്ടെത്തൽ നടത്തിയത്. അദ്ദേഹത്തിന്റെ സ്മരണക്കായാണ് അന്നേ ദിവസം ലോക കൊതുകു ദിനമായി ആചരിക്കുന്നത്.കൊതുക് നിയന്ത്രണ നിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുവാനും രോഗപ്രതിരോധ ബോധവൽക്കരണത്തിലൂടെ കൊതുകുവഴി പകരുന്ന രോഗങ്ങൾക്കെതിരെ പൊതുജനങ്ങളെ പോരാടുവാൻ സജ്ജമാക്കുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

മിക്കവരും കരുതുന്നതുപോലെ മൂളിപ്പാട്ടും പാടി വരുന്ന വെറും ശല്യക്കാർ മാത്രമല്ല അവർ, മാരകമായ പല രോഗങ്ങളും പരത്തുന്നതിലും അവ സമർഥരാണ്.കൊതുകുകൾ രോഗാണുവാഹകരും രോഗം പരത്തുന്നവയുമാണ്.ഈ വർഷം ഇതുവരെ 2,657 പേരാണ് കൊതുകുജന്യരോഗങ്ങൾ ബാധിച്ച്‌ സംസ്ഥാനത്ത് ചികിൽസ തേടിയത്. 18 പേർ മരിക്കുകയും ചെയ്തു.ഈ ഒരു സാഹചര്യത്തിൽ കൊതുകുജന്യ രോഗങ്ങളും ലക്ഷണങ്ങളേയും കുറിച്ച്‌ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

  1. ചിക്കുൻ ഗുനിയ

പണ്ട് ആഫ്രിക്കൻ വനാന്തരങ്ങളിൽ ആൾക്കുരങ്ങിലും മറ്റ് സസ്തനികളിലും ഒതുങ്ങിനിന്നിരുന്നവയാണ് ചിക്കുൻ ഗുനിയ വൈറസുകൾ. പിന്നീട് മനുഷ്യരിലേക്കു വ്യാപിക്കുകയായിരുന്നു.പ്രധാനമായും ഈഡിസ് ഈജിപ്തി വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് രോഗം പരത്തുക. ഇതേ വർഗത്തിൽപ്പെട്ട അൽബോപിക്റ്റസും വിറ്റേറ്റസും രോഗാണുവിനെ മറ്റൊരാളിലേക്കു പകർത്താൻ കഴിവുള്ള കൊതുകുകളാണ്. 1953ൽ ആഫ്രിക്കയിലെ ടാൻസാനിയയിലാണ് ചിക്കുൻ ഗുനിയക്കു കാരണമാകുന്ന സൂക്ഷ്മാണുവിനെ ആദ്യമായി കണ്ടെത്തിയത്.

രോഗബാധിതനായ വ്യക്തി പനിക്കൊപ്പം അസഹനീയമായ സന്ധിവേദനയും പേശീവേദനയും കാരണം നിവർന്നുനിൽക്കാൻ കഴിയാതെ വളഞ്ഞുപോകാറുണ്ട്. ടാൻസാനിയയിലെ സ്വാഹിലിഭാഷയിൽ ചിക്കുൻ ഗുനിയ എന്ന പദത്തിന്റെ അർഥം ‘വളഞ്ഞിരിക്കുക’ എന്നതാണ്.

ലക്ഷണങ്ങൾ

സാധാരണ ജലദോഷപ്പനിയിൽനിന്നു വ്യത്യസ്തമായി മൂക്കൊലിപ്പും തുമ്മലും കാണാറില്ല. ശക്തമായ സന്ധിവേദനകൾ, പ്രത്യേകിച്ച്‌ കൈകാൽവിരലുകളെ ബാധിക്കാറുണ്ട്. കൈയിലും കാലിലും നെഞ്ചത്തും കാണുന്ന ചുവന്ന പാടുകൾ ശ്രദ്ധേയമാണ്. ചിലരിൽ പ്രകാശത്തിലേക്കു നോക്കുമ്പോൾ കണ്ണിന് വേദന ഉണ്ടാകാറുണ്ട്. പ്രായമേറിയവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും നവജാത ശിശുക്കളിലും ചിക്കുൻ ഗുനിയ ഗുരുതരമാകാറുണ്ട്. മിക്ക രോഗികളിലും സന്ധിവേദന ആഴ്ചകൾക്കുള്ളിൽ അപ്രത്യക്ഷമാകാറുണ്ട്. എന്നാൽ, സന്ധികൾക്ക് പരിക്കുപറ്റിയവരിലും മറ്റേതെങ്കിലും തരത്തിലുള്ള സന്ധിവാതരോഗങ്ങൾ ഉള്ളവരിലും സന്ധികളുടെ വീക്കവും വേദനയും മാസങ്ങളോളം മാറാതിരിക്കും.

ലഘുവായ വ്യായാമങ്ങൾക്കൊപ്പം ചിറ്റരത്ത, കുറുന്തോട്ടി, കരിങ്കുറിഞ്ഞി, ചുക്ക്, ആവണക്ക് തുടങ്ങിയ ഔഷധികൾ അടങ്ങിയ മരുന്നുകൾ നല്ല ഫലം തരും.

  1. ഡെങ്കിപ്പനി

ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന മാരകമായ രോഗമാണ് ഡെങ്കിപ്പനി.രോഗാണുബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുകുകൾ ഏഴുദിവസങ്ങൾക്കുശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്താനുള്ള ശേഷി നേടുന്നു. ഒരിക്കൽ രോഗാണുവാഹകരായ കൊതുകുകൾ തുടർന്നുള്ള ജീവിതകാലം മുഴുവൻ മറ്റുള്ളവരിലേക്ക് രോഗം നേരിട്ട് പരത്തുന്നു.

ലക്ഷണങ്ങൾ

അതിശക്തമായ പേശീവേദന, കടുത്ത പനി, അസ്ഥികളെ നുറുക്കുന്ന വേദന തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങൾ. പനി ശക്തമാകുമ്പോൾ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നത് രക്തസ്രാവത്തിന് ഇടയാക്കും. വായ, മൂക്ക്, കുടൽ തുടങ്ങിയ ഭാഗങ്ങളിൽനിന്നുള്ള രക്തസ്രാവം ഡെങ്കിപ്പനി ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്. എന്നാൽ, ചെറിയ പനിയും, ചുവന്ന പാടുകളും മാത്രമേ പലപ്പോഴും കുട്ടികളിൽ കാണാറുള്ളു. രക്തസ്രാവത്തോടൊപ്പം മയക്കം, മരവിച്ച കൈകാലുകൾ, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവ രോഗം സങ്കീർണമാകുന്നതിന്റെ ലക്ഷണങ്ങളാണ്.

മുന്തിരി, കരിങ്കൂവളം, നറുനീണ്ടി, നെല്ലിക്ക, പാച്ചോറ്റി, രാമച്ചം, ചിറ്റീന്തൽ തുടങ്ങിയ ഔഷധങ്ങൾ അടങ്ങിയ മരുന്നുകൾക്ക് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തെ കൂട്ടാറുണ്ട്.

3.വെസ്റ്റ് നൈൽ ഫീവർ

വനാന്തരങ്ങളിൽ വിഹരിച്ചിരുന്ന പക്ഷികളിലേക്ക് ക്യൂലക്‌സ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് രോഗം പരത്തിയിരുന്നത്. വനത്തിൽ നായാട്ടിനു പോയവരിലേക്ക് ഈ വൈറസുകൾ കടക്കുകയായിരുന്നു. തലച്ചോറിനെ ബാധിക്കുന്നതിനാൽ മരണം വരെ സംഭവിക്കാൻസാധ്യതയുണ്ട്.

ലക്ഷണങ്ങൾ

പനി, ചുവന്ന പാടുകൾ, കണ്ണുവേദന, ഛർദി ഇവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ, കുട്ടികളിലും പ്രായമേറിയവരിലും രോഗം തലച്ചോറിനെ ബാധിക്കുന്നതിനാൽ പലപ്പോഴും മരണപ്പെടാറുണ്ട്.

  1. ജപ്പാൻജ്വരം

1924ൽ ജപ്പാനിലാണ് രോഗം ആദ്യമായി പടർന്നുപിടിച്ചത്.രോഗാണുക്കൾ തലച്ചോറിനെ ബാധിച്ച്‌ അപസ്മാര ലക്ഷണങ്ങൾ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന മാരകമായ കൊതുകുജന്യരോഗമാണിത്. ക്യൂലക്‌സ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. വളർത്തുമൃഗങ്ങളായ കന്നുകാലികൾ, പന്നി, കൊക്ക് വർഗത്തിൽപ്പെട്ട പക്ഷികൾ, വവ്വാൽ തുടങ്ങിയവയിൽ ജപ്പാൻ ജ്വരത്തിനു കാരണമാകുന്ന രോഗാണുക്കൾ ദീർഘനാൾ സജീവമായി കഴിയാറുണ്ട്. രോഗം തടയാൻ ശരിയായ രീതിയിലുള്ള ജന്തുപരിപാലനം അനിവാര്യമാണ്.

ലക്ഷണങ്ങൾ

ശക്തമായ പനി, കുളിര്, അപസ്മാരം, ശ്വാസതടസ്സം, തലച്ചോറിൽ നീർക്കെട്ട്, നാഡീസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയ സങ്കീർണതകൾ കാണുന്നു. 45 ശതമാനത്തിലധികം രോഗബാധിതർ മരണപ്പെടാറുണ്ട്.

  1. യെല്ലോ ഫീവർ

ഈഡിസ് ഈജിപ്തി വിഭാഗത്തിൽപ്പെടുന്ന കൊതുകുകൾ പരത്തുന്ന പകർച്ചവ്യാധിയാണ് യെല്ലോ ഫീവർ. 1900നു മുമ്പ് ഇതൊരു കൊതുകുജന്യ രോഗമാണെന്ന് കണ്ടുപിടിച്ചിരുന്നില്ല. കരളിനെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. പനിയെത്തുടർന്നുണ്ടാകുന്ന കടുത്ത മഞ്ഞപ്പിത്തത്തിൽനിന്നാണ് പകർച്ചവ്യാധിക്ക് ഈ പേരുണ്ടായത്. ആഫ്രിക്കൻ കാടുകളിൽ കുരങ്ങുകളിൽ നിലനിൽക്കുന്ന വൈറസുകൾ ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുന്നു.

  1. റിഫ്റ്റ് വാലി ഫീവർ

ഈഡിസ് കൊതുകുകൾ പരത്തുന്ന ഈ രോഗം പ്രധാനമായും ബാധിക്കുന്നത് ആടുമാടുകളെയാണ്. ഇവയുമായി അടുത്ത് ഇടപഴകുമ്പോൾ രക്തത്തിലൂടെയും മറ്റു ശരീരഭാഗങ്ങളിലൂടെയും രോഗം മനുഷ്യരിലേക്കു പടരുന്നു. മഴക്കാലത്ത് രോഗം കൂടുതലായി പടരും. ആഫ്രിക്കയിൽ ധാരാളമായി കണ്ടുവരുന്നു.

ലക്ഷണങ്ങൾ

ശക്തമായ പനിക്കൊപ്പം ആന്തരിക രക്തസ്രാവവും കാണാറുണ്ട്. അപൂർവമായി തലച്ചോറിനെയും ബാധിക്കുന്നു.

  1. റോസ് റിവർ വൈറസ്

ഈഡിസ് കൊതുകുകൾ പരത്തുന്ന മറ്റൊരു രോഗമാണിത്. 20ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഓസ്‌ട്രേലിയയിൽ കണ്ടെത്തിയ പകർച്ചവ്യാധി 1979 കളിൽ പസഫിക് ദ്വീപസമൂഹത്തിൽ എത്തിപ്പെട്ടു.

ലക്ഷണങ്ങൾ

സന്ധികൾക്ക് അനുഭവപ്പെടുന്ന ശക്തമായ വേദനയും നീരുമാണ് പ്രധാന ലക്ഷണം. ഇത് വർഷങ്ങളോളം മാറാതെ നിൽക്കും.

  1. സെന്റ് ലൂയിസ് എൻസഫലൈറ്റിസ്

ക്യൂലക്‌സ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന വൈറസ് പക്ഷികളിൽനിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നു. എല്ലാ പ്രായക്കാരെയും ബാധിക്കുന്ന ഈ രോഗം തലച്ചോറിനെയും നാഡികളെയും ബാധിച്ച്‌ തളർച്ച, അപസ്മാരം, ഓർമക്കുറവ് ഇവയ്ക്കിടയാക്കും. പ്രായമായവരിൽ രോഗം സങ്കീർണമാകുന്നു. 1933ൽ ഈ രോഗം സെന്റ് ലൂയിസ് നഗരത്തിൽ പടർന്നുപിടിച്ചിരുന്നു. 1942ലാണ് കൊതുകാണ് ഇതു പരത്തുന്നതെന്ന് കണ്ടെത്തിത്. രോഗബാധിതരായ കുട്ടികൾ ഏറെക്കാലം ബോധരഹിതരാകാറുണ്ട്. വൈകല്യങ്ങൾ ബാധിക്കുന്നവരും ഉണ്ട്.

  1. മലമ്പനി

അനോഫിലസ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്. രോഗം പരത്തുന്ന കൊതുകിന്റെ കടിയേറ്റാൽ 714 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.

ലക്ഷണങ്ങൾ

ചെറിയ തണുപ്പാണ് ആദ്യലക്ഷണം. പിന്നീടത് വിറയലായി മാറും. വിയർപ്പിലൂടെ ധാരാളം ജലനഷ്ടവും ഉണ്ടാകും.