വാഷിങ്ടൺ: ന്യൂയോർക്കിൽ ക്ഷേത്രത്തിന് സമീപത്തെ ഗാന്ധിപ്രതിമ തകർത്തു. ഇതാദ്യമായല്ല യു.എസിൽ ഗാന്ധി പ്രതിമ തകർക്കുന്നത്.

ചൊവ്വാഴ്ച പുലർച്ചെയാണ് ഗാന്ധി പ്രതിമ തകർത്ത സംഭവമുണ്ടായത്. ശ്രീ തുളസി ക്ഷേത്രത്തിന് സമീപത്തെ പ്രതിമ ആറ് പേർ ചേർന്നാണ് തകർത്തതെന്നാണ് റിപ്പോർട്ട്. പ്രതിമയിൽ വിധ്വേഷ വാക്യങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു. 25 മുതൽ 30 വയസ് വരെ പ്രായമുള്ളവരാണ് പ്രതിമ തകർത്തതിന് പിന്നിലെന്നാണ് സൂചന. പിന്നീട് ഇവർ വാഹനങ്ങളിൽ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 2020ൽ രണ്ട് തവണയാണ് യു.എസിൽ ഗാന്ധി പ്രതിമ തകർത്തത്.

ഫെബ്രുവരിയിലും ഡിസംബറിലുമായിരുന്നു ഗാന്ധി പ്രതിമ തകർത്ത സംഭവം റിപ്പോർട്ട് ചെയ്തത്. അന്ന് ഖാലിസ്ഥാൻവാദികളായിരുന്നു പ്രതിമ തകർത്തതിന് പിന്നിലെന്നായിരുന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ജനുവരിയിലും ഗാന്ധി പ്രതിമ തകർത്ത സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.