പാകിസ്ഥാൻ: വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ ടാങ്ക് ജില്ലയിലെ കോട് അസമിൽ പോളിയോ വാക്സിനേഷൻ സംഘത്തിന് കാവൽ നിന്ന രണ്ട് പൊലീസുകാരെ വെടിവച്ച്‌ കൊലപ്പെടുത്തി.

എന്നാൽ, രണ്ട് പേരടങ്ങുന്ന വാക്സിനേറ്റർമാർക്ക് പരിക്കുകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. പാകിസ്ഥാനിൽ നേരത്തെയും പ്രാദേശിക പോളിയോ വാക്സിനേഷൻ ടീമുകളെ പലപ്പോഴും വാക്സിൻ വിരുദ്ധ പോരാളികൾ ലക്ഷ്യമിടാറുണ്ട്. മുസ്ലിങ്ങളെ വന്ധ്യംകരിക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണ് വാക്സിനേഷൻ എന്നാണ് ഇവരുടെ ആരോപണമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ട് രാജ്യങ്ങളാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും. വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ ഉൾപ്രദേശങ്ങളിൽ വാക്സിനേഷൻ സംഘമെത്തിയപ്പോൾ ചെറിയൊരു ജനലിന് പിന്നിൽ മറഞ്ഞിരുന്ന രണ്ട് തോക്കുധാരികൾ പൊലീസുകാരെ വെടിവയ്ക്കുകയായിരുന്നുവെന്ന് ലോക്കൽ പോലീസ് റിപ്പോർട്ട് ചെയ്തു. എന്നാൽ തോക്കുധാരികൾ രണ്ടംഗ പോളിയോ വാക്സിനേഷൻ ടീമിനെ ഒഴിവാക്കി. അവർ മോട്ടോർ ബൈക്കിൽ രക്ഷപ്പെട്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വഖാർ അഹമ്മദ് ഖാൻ എഎഫ്‌പിയോട് പറഞ്ഞു.

വാക്‌സിനുകളിൽ പന്നിക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന ആരോപണം ഉന്നയിക്കുന്ന വാക്‌സിൻ വിരുദ്ധ സംഘങ്ങൾ ഇതിന് മുമ്പും പാക്കിസ്ഥാനിൽ നിരവധി പോളിയോ ജോലിക്കാരെയും അവർക്ക് സംരക്ഷണം നൽകാൻ നിയുക്തരായ പൊലീസുകാരെയും കൊലപ്പെടുത്തിയിട്ടുണ്ട്. 2011 ൽ അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദനെ വധിക്കുന്നതിന് മുമ്പ് സിഐഎ പാകിസ്ഥാനിൽ വ്യാജ വാക്സിനേഷൻ പദ്ധതി നടത്തിയിരുന്നു. ഇതിന് പിന്നാലെ രാജ്യമെങ്ങും വാക്സിൻ വിരുദ്ധത വർദ്ധിച്ചു.

ഭൂമിയിൽ നിന്ന് പോളിയോ നിർമ്മാർജ്ജനമെന്നത് ലോകാരോഗ്യ സംഘടനയുടെ പ്രധാന ലക്ഷ്യമാണ്. എന്നാൽ, ഓരോ വർഷം കഴിയുമ്പോഴും വർദ്ധിച്ച്‌ വരുന്ന എതിർപ്പ് ഈ പദ്ധതിയെ പിന്നോട്ടടിക്കുന്നു. അതോടൊപ്പം ലോകത്ത് അടുത്തകാലത്തായി പോളിയോ രോഗം റിപ്പോർട്ട് ചെയ്യുന്നതിലെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതും ആശങ്ക വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ 15 മാസങ്ങൾക്ക് മുമ്പ് പാകിസ്ഥാനിൽ ആദ്യത്തെ പോളിയോ കേസ് റിപ്പോർട്ട് ചെയ്തു. അതിന് ശേഷം, 13 കേസുകൾ കൂടി പാകിസ്ഥാനിൽ നിന്ന് റിപ്പോർട്ട് ചെയ്തു. ഈ കേസുകളെല്ലാം അഫ്ഗാനിസ്ഥാൻറെ അതിർത്തിയിലുള്ള മുൻ താലിബാൻ ശക്തികേന്ദ്രമായ വടക്കൻ വസീറിസ്ഥാനിൽ നിന്നുള്ളവയായിരുന്നു.

അതോടൊപ്പം ഒരു ദശാബ്ദത്തിനിടെ കഴിഞ്ഞ ജൂലൈയിൽ അമേരിക്കയിലും ആദ്യ പോളിയോ കേസ് റിപ്പോർട്ട് ചെയ്തു. ജൂണിൽ ലണ്ടനിലെ മലിനജല സാമ്പിളുകളിൽ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടെ ബ്രിട്ടനിൽ ഏകദേശം പത്തുലക്ഷത്തോളം കുട്ടികൾക്ക് അടിയന്തര വാക്സിനേഷൻ കാമ്പയിന് ലോകാരോഗ്യ സംഘടന തുടക്കം കുറിച്ചു. ഗ്രേറ്റർ ലണ്ടനിലെ ഒന്ന് മുതൽ ഒമ്പത് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും ഈ പദ്ധതി വഴി വാക്സിൻ നൽകും.