ബിര്‍മിങ്ഹാം: ബർമിങ്ഹാം വിമാനത്താവളത്തിൽ നിന്ന് രണ്ട് പാക് ബോക്സർമാരെ കാണാതായി. നാട്ടിലേക്ക് മടങ്ങാൻ പാക് സംഘം ബർമിങ്ഹാം വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു സംഭവം.
സുലൈമാന്‍ ബലോച്, നസീറുള്ള എന്നിവരെയാണ് കാണാതായത്. കളിക്കാരുടെ തിരോധാനം പാകിസ്ഥാൻ ബോക്സിംഗ് ഫെഡറേഷൻ സ്ഥിരീകരിച്ചു. ഇവരെ കണ്ടെത്താൻ ടീം മാനേജ്മെന്‍റ് യുകെയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കാണാതായ രണ്ട് കളിക്കാരുടെയും പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഫെഡറേഷൻ അധികൃതരുടെ പക്കലുണ്ട്. 
സംഭവം അന്വേഷിക്കാൻ പാകിസ്ഥാൻ ഒളിംപിക്‌സ് അസോസിയേഷൻ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഹംഗറിയിൽ നടന്ന നീന്തൽ ലോക ചാമ്പ്യൻഷിപ്പിന് പിന്നാലെ പാകിസ്ഥാൻ നീന്തൽ താരം ഫൈസാൻ അക്ബറിനെയും കാണാതായിരുന്നു. രണ്ട് മാസം മുമ്പാണ് ഈ സംഭവം നടന്നത്. മത്സരത്തിൽ പങ്കെടുക്കുന്നതിന് മുൻപാണ് അക്ബറിനെ കാണാതായത്.