ലണ്ടൻ : ബ്രിട്ടണിൽ ബോറിസ് ജോൺസണ് പകരം അടുത്ത പ്രധാനമന്ത്രിയെ കണ്ടെത്താനായി കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ഫോറിൻ സെക്രട്ടറി ലിസ് ട്രസിനെ പിന്തുണയ്ക്കുമെന്ന് മുൻ ധനമന്ത്രി സാജിദ് ജാവിദ് അറിയിച്ചു.

ലിസിന്റെ എതിർ സ്ഥാനാർത്ഥിയായ മുൻ ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ റിഷി സുനാക്കിനെ നികുതി കുറയ്ക്കാതിരുന്നതിന്റെ പേരിൽ ജാവിദ് വിമർശിക്കുകയും ചെയ്തു. മതിയായ എം.പിമാരുടെ പിന്തുണ ലഭിക്കാതെ വന്നതോടെ പാക് വംശജനായ സാജിദ് ജാവിദ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പുറത്തായിരുന്നു. ജാവിദിന് പുറമേ ഡിഫൻസ് സെക്രട്ടറി ബെൻ വാലസ്, ധനമന്ത്രി നദീം സഹാവി, നോർത്തേൺ അയർലൻഡ് സെക്രട്ടറി ബ്രണ്ടൻ ലൂയിസ്, ട്രേഡ് പോളിസി മന്ത്രി പെന്നി മോർഡന്റ് എന്നിവരും ലിസിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

അടുത്താഴ്ച മുതൽ സെപ്റ്റംബർ രണ്ടു വരെ 180,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടെയിൽ നടക്കുന്ന പോസ്റ്റൽ ബാലറ്റിലൂടെയാണ് വിജയിയെ തിരഞ്ഞെടുക്കുക. സെപ്റ്റംബർ അഞ്ചിന് വിജയിയെ പ്രഖ്യാപിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാർത്ഥിയ്ക്ക് 2024ലെ പൊതുതിരഞ്ഞെടുപ്പ് വരെ പ്രധാനമന്ത്രിയായി തുടരാം.

പാർട്ടിഗേറ്റ് ഉൾപ്പെടെയുള്ള വിവാദങ്ങൾക്ക് പിന്നാലെ ബോറിസ് ജോൺസന്റെ ഭരണത്തിൽ അതൃപ്തിയറിയിച്ച്‌ ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്ന് സാജിദ് ജാവിദ് രാജിവച്ചിരുന്നു. ഋഷിയും മന്ത്രിസ്ഥാനം ഒഴിഞ്ഞു. പിന്നാലെ അഞ്ച് ക്യാബിനറ്റ് മന്ത്രിമാർ, 25 ജൂനിയർ മന്ത്രിമാർ അടക്കം 60ഓളം എം.പിമാരും മന്ത്രിസഭയിൽ നിന്ന് രാജിവച്ചതോടെയാണ് ജൂലായ് ഏഴിന് കൺസർവേറ്റീവ് പാർട്ടി നേതാവ്, പ്രധാനമന്ത്രി പദവികൾ ഒഴിയുന്നതായി 58കാരനായ ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്.