യുക്രൈനിൽ നിന്നുള്ള ആദ്യ ധാന്യക്കപ്പൽ തുർക്കി സമുദ്രത്തിലെത്തി

ബോസ്ഫറസ്: റഷ്യൻ അധിനിവേശത്തിനുശേഷം യുക്രൈനിൽ നിന്ന് പുറപ്പെടുന്ന ആദ്യ ധാന്യക്കപ്പൽ തുർക്കിയിലെ ബോസ്ഫറസ് കടലിടുക്കിൽ എത്തി.

ഫെബ്രുവരിയിൽ യുക്രൈൻ അധിനിവേശം ആരംഭിച്ചതു മുതൽ കരിങ്കടൽ വഴിയുള്ള കപ്പൽഗതാഗതം റഷ്യ തടഞ്ഞിരിന്നു. തുർക്കിയും ഐക്യരാഷ്ട്ര സംഘടനയും ഇടപെട്ട് റഷ്യയുമായി നയതന്ത്രചർച്ചകൾ നടത്തിയതാണ് കപ്പലിന് വഴിയൊരുക്കിയത്.
ലെബനനിലേക്കുള്ള 26,000 ടൺ ധാന്യവുമായി റസോണി എന്ന ചരക്കുകപ്പലാണ് തുർക്കി സമുദ്രത്തിലെത്തിയത്. പരിശോധനകൾക്ക് ശേഷം കപ്പൽ ലെബനനിലേക്കുള്ള യാത്ര തുടരും. യുക്രൈനിൽ നിന്ന് ധാന്യനീക്കം തടസ്സപ്പെട്ടതോടെ പല രാജ്യങ്ങളിലും ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. ഒഡേസ കൂടാതെ ചോർനോമോർസ്‌ക്, പിവിഡെനി എന്നിവിടങ്ങളിൽനിന്നും കപ്പലുകൾക്ക് യാത്രാനുമതി ലഭിക്കും.

ധാന്യ കയറ്റുമതി വീണ്ടും പഴയ രീതിയിലേക്ക് തിരിച്ചെത്തുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞിരുന്നു.

Advertisement