ബിജെപി നേതാവിന്റെ ഫാം ഹൗസില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തി; ഫാം ഹൗസ് വ്യഭിചാരശാലയായിരുന്നുവെന്നും പൊലീസ്


ഗുവാഹത്തി: ബിജെപി നേതാവിന്റെ ഫാം ഹൗസില്‍ നിന്ന് അഞ്ച് കുട്ടികളെ മേഘാലയ പൊലീസ് രക്ഷപ്പെടുതത്ി. ഫാം ഹൗസ് ഒരു വേശ്യാലയമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം. അഞ്ഞൂറ് പായ്ക്കറ്റ് ഗര്‍ഭനിരോധന ഉറകള്‍, ഗര്‍ഭനിരോധന ഗുളികകള്‍, പണം, 37 വാഹനങ്ങള്‍, 47 മൊബൈല്‍ഫോണുകള്‍, ചില നിര്‍ണായക രേഖകള്‍ തുടങ്ങിയവയും ഇവിടെ നിന്ന് പിടിച്ചെടുത്തതായി പൊലീസ് മേധാവി എല്‍ ആര്‍ ബിഷ്‌ണോയ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്കൂറോളം നീണ്ട റെയ്ഡിലാണ് ഇവ കണ്ടെത്തിയത്.

73 യുവാക്കളെയും പൊലീസ് ഇവിടെ നിന്ന് പിടികൂടി. ഇതില്‍ 23 പേര്‍ സ്ത്രീകളാണ്. അഞ്ച് കുട്ടികളും ഇതിലുണ്ടായിരുന്നു. മേഘാലയ ബിജെപിയുടെ ഉപാധ്യക്ഷന്‍ ബെര്‍നാര്‍ഡ് ആര്‍ മാരകിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസാണിത്. തന്റെ ഫാം ഹൗസില്‍ നടന്ന റെയ്ഡ് ആസൂത്രിതമാണെന്ന ആരോപണവുമായി മാരക് രംഗത്ത് എത്തി. വാറന്റ് ഇല്ലാതെയാണ് റെയ്ഡ് നടത്തിയത്. താന്‍ ചെലവ് ഏറ്റെടുത്ത് പഠിപ്പിക്കുന്ന കുട്ടികളെയാണ് പൊലീസ് ഇവിടെ നിന്ന് പിടികൂടിയതെന്നും മാരക് പറഞ്ഞു.

നേരത്തെ തീവ്രവാദി ആയിരുന്ന ഇയാള്‍ക്കെതിരെ 25ഓളം ക്രിമിനല്‍ കേസുകള്‍ നേരത്തെ നിലവിലുണ്ട്. ഇയാളുടെ പല താവളങ്ങളും തകര്‍ത്തിട്ടും ഇപ്പോഴും ഇയാള്‍ ആയുധക്കടത്തും കള്ളക്കടത്തും അടക്കമുള്ളവ നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Advertisement