അമുസ്ലിം മക്കയിൽ കടന്നു; സൗദി പൗരൻ അറസ്റ്റിൽ, അറസ്റ്റിലായത് ഇസ്രായേൽ ചാനലിലെ അമേരിക്കൻ മാധ്യമപ്രവർത്തകൻ


റിയാദ്: വിശുദ്ധ നഗരമായ മക്കയിൽ അമുസ്ലിമായ മാധ്യമപ്രവർത്തകൻ പ്രവേശിച്ച കേസിൽ സൗദി പൗരൻ അറസ്റ്റിൽ.

ഇസ്രായേൽ മാധ്യമത്തിൽ പ്രവർത്തിക്കുന്ന അമേരിക്കക്കാരനായ ജേർണലിസ്റ്റ് ഗിൽ തമറിയാണ് ഹജ്ജ് വേളയിൽ മക്കയിൽ പ്രവേശിച്ചത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ വലിയ ചർച്ചയായി. ഗില്ലിനെതിരെ നടപടി വേണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യം ശക്തമായി. ഇതോടെയാണ് മക്ക പോലീസ് കേസെടുത്തതും അന്വേഷണം തുടങ്ങിയതും.

ഗില്ലിന് മക്കയിൽ പ്രവേശിക്കാൻ സൗകര്യം ചെയ്ത സൗദിക്കാരനായ ഡ്രൈവറാണ് അറസ്റ്റിലായത്. ഇസ്രായേലിലെ ചാനൽ 13ൽ ജോലി ചെയ്യുകയാണ് ഗിൽ. തിങ്കളാഴ്ചയാണ് മക്കയിലെ അറഫയിൽ നിന്നുള്ള വീഡിയോ ഇദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. മുസ്ലിങ്ങളല്ലാത്തവർക്ക് വിലക്കുള്ള പ്രദേശമാണിത്. കേസിൽ തുടർ നടപടി സ്വീകരിക്കാൻ അധികൃതർ പ്രോസിക്യൂട്ടർക്ക് കൈമാറി. ഹജ്ജ് വേളയിലെ പ്രധാന ചടങ്ങ് നടക്കുന്ന സ്ഥലമാണ് അറഫ. ഈ മൈതാനത്ത് ഹാജിമാരെല്ലാം ഒത്തുചേരും. ഒരു പകൽ ഇവിടെ കഴിഞ്ഞ ശേഷമാണ് ഹജ്ജിന്റെ അവസാന ചടങ്ങുകളിലേക്ക് ഹാജിമാർ പോകുക.

ഇവിടെ പ്രവേശിക്കുന്നത് നിയമവിരുദ്ധമാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് മാധ്യമപ്രവർത്തകൻ കടന്നത്. മുസ്ലിം സഹോദരീ സഹോദരൻമാർക്ക് എത്രത്തോളം ഈ പ്രദേശം പ്രധാനപ്പെട്ടതാണ് എന്ന് അറിയാനാണ് എത്തിയത് എന്നാണ് മാധ്യമപ്രവർത്തകൻ പ്രതികരിച്ചത്. പിന്നീട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. സൗദി സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ. തുടർന്നാണ് കേസെടുത്തതും ഡ്രൈവറെ അറസ്റ്റ് ചെയ്തതും. മാധ്യമപ്രവർത്തകനെതിരെയും കേസെടുത്തിട്ടുണ്ട്.

ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാത്ത രാജ്യമാണ് സൗദി അറേബ്യ. അമേരിക്കയുടെ സമ്മർദ്ദമുണ്ടെങ്കിലും സൗദി മുഖം തിരിഞ്ഞുനിൽക്കുകയാണ്. യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. സൗദിയും ബന്ധം ആരംഭിക്കുമെന്ന് വാർത്തകൾ വന്നിരുന്നു എങ്കിലും ഭരണകൂടം തള്ളുകയായിരുന്നു. അടുത്തിടെ ഇസ്രായേലിലേക്കുള്ള വിമാനങ്ങൾക്ക് സൗദിയുടെ വ്യോമ പാത തുറന്നു കൊടുത്തിരുന്നു.

ചെലവ് കുറഞ്ഞ പാതയാണിത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ യാത്രക്കാർക്ക് വലിയ നേട്ടമാകുന്ന പാതയായതിനാലാണ് തുറന്നുകൊടുത്തതെന്നും അതുകൊണ്ടു ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്ന് അർഥമില്ലെന്നും സൗദി വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞാഴ്ച ഇസ്രായേലും സൗദിയും സന്ദർശിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എത്തിയിരുന്നെങ്കിലും സൗദി സന്ദർശനം വേണ്ടത്ര ഗുണം ചെയ്തില്ലെന്നാണ് ലോക മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ.

Advertisement